Thursday, February 14, 2013

മുച്ചൂര്‍കാവ്‌ ഭഗവതി ക്ഷേത്രം

 മുച്ചൂര്‍കാവ്‌ ഭഗവതി ക്ഷേത്രം

ഇന്ത്യയുടെ പ്രാദേശികചരിത്രത്തില്‍ ക്ഷേത്രങ്ങള്‍ക്കുള്ള പ്രാധാന്യം ഒഴിച്ചുകൂടാനാവാത്തതാണ്.അതിപ്രശസ്തം അല്ലങ്കിലും ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു ക്ഷേത്രം ആണ് എറണാകുളം ജില്ലയിലെ, കണയനൂര്‍ താലൂക്കിലെ,മണകുന്നം വില്ലേജിലെ,ഉദയംപേരൂര്‍ പഞ്ചായത്തിലെ,വലിയകുളം എന്നാ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  മുച്ചൂര്‍കാവ്‌ ഭഗവതി ക്ഷേത്രം.ഈ ക്ഷേത്രത്തിലെ ഐതിഹ്യത്തെ കുറിച്ചും ,ചരിത്രത്തെക്കുറിച്ചും ആണ് ഞാന്‍ ഈ പേജില്‍ വിവരിക്കാന്‍ പോകുന്നത്
  ഈ ക്ഷേത്രത്തെ കുറിച്ചുള്ള അറിവുകള്‍ എനിക്ക് ലഭിച്ചത്‌ ക്ഷേത്രത്തിലെ ഭാരാവാഹികളില്‍ നിന്നും ആണ് ഈ ക്ഷേത്രത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വായ്മൊഴിയായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഞാന്‍ ഈ ലേഖനം ഏഴുതിയിരിക്കുന്നത്.
      ചാത്തമംഗലത്ത് മനയിലെ നാലു പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് മുച്ചൂര്‍കാവ്‌ ക്ഷേത്രം.ഇപ്പോള്‍ ഈ ക്ഷേത്രം പുലയമഹാസമാജത്തിന്‍റെ കീഴില്‍ ആണ്
ചരിത്രം
    വൈക്കം റോഡില്‍ ഉദയംപേരൂരില്‍ വലിയകുളത്തിനു പടിഞ്ഞാറു ഭാഗത്തായി കിഴക്കോട്ടുദര്‍ശനമായി ശ്രീ മുച്ചൂര്‍കാവ്‌ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു പുരാതനമായ ചാത്തമംഗലത്ത് മനവക നാലു ക്ഷേത്രങ്ങളില്‍ ഒന്നായ ഈ പ്രധാന ക്ഷേത്രത്തിന്‍റെ കാലപഴക്കം കൃത്യമായി തിട്ടപെടുത്താന്‍ കഴിഞ്ഞിട്ടില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ ക്ഷേത്രത്തിലെ പൂജാതികര്‍മ്മങ്ങള്‍ നടത്തിപോന്നത് ചാത്തമംഗലത്ത് മനയിലെ തായ്‌വഴിയില്‍ മൂത്ത തിരുമേനിമാരായിരുന്നു.പണ്ട് ഈ ക്ഷേത്രത്തിലെ കിഴക്ക്,വടക്ക്,പടിഞ്ഞാറു ഭാഗങ്ങളില്‍ ഘോരവനങ്ങളോടുകൂടിയ സര്‍പ്പകാവുകള്‍ ആയിരുന്നു.പകല്‍ സമയത്തുപോലും ഇതിലേ വഴിനടക്കുമ്പോള്‍ ജനങ്ങള്‍ ഭയപെട്ടിരുന്നു.
                      നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അയിത്താചാരങ്ങളും,അടിമത്തങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഇവിടെയുള്ള കാട്ടില്‍ നിന്നും പച്ചമരുന്നുകളും മറ്റും ശേഖരിച്ചു ഇവിടെയുള്ള താഴ്ന്നജാതിക്കാരായ ജനങ്ങളും മറ്റും ഉപജീവനം കഴിച്ചിരുന്നു. പുലയസമുധായത്തില്‍ പെട്ട ഒരു സ്ത്രീ പച്ചമരുന്നു
ശേഖരിക്കാന്‍ കാട്ടില്‍ കയറുകയും ദിക്ക് അറിയാതെ നടന്ന്‍ ക്ഷേത്രശ്രീകോവിലിനടുത്ത്‌ എത്തിചേരുകയും ക്ഷേത്രത്തില്‍ നിന്നും പൂജ കഴിഞ്ഞിറങ്ങിയ തിരുമേനിയുടെ കണ്മുന്‍പില്‍ ചെന്നുപെടുകയും ചെയ്തു പുലയസ്ത്രീ ക്ഷേത്രം തീണ്ടിയതിനാല്‍ ഇതു നിങ്ങള്‍ക്ക് ഇരിക്കട്ടെ എന്നുപറഞ്ഞു തിരുമേനി ക്ഷേത്രത്തില്‍ പൂജയോ ആരാധനയോ നടത്തിയില്ല .ആനേക വര്‍ഷംപൂട്ടികിടന്ന ഈ ക്ഷേത്രത്തിനു കാലപഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ചു. അങ്ങനെ അടഞ്ഞ ക്ഷേത്രപരിസരം “തെങ്ങാച്ചിറ” യെന്നാണ് അറിയപെട്ടത് ക്ഷേത്രത്തിന്റെ ശ്രീകോവിലും മറ്റും ചിതലുകള്‍ കൊണ്ടുമൂടാന്‍ തുടങ്ങി “മുച്ചൂര്‍” എന്നത് “ചിതല്‍” എന്നാണു അര്‍ത്ഥമാക്കുന്നത്. ചിതല്‍ കൊണ്ടുമൂടിയ ക്ഷേത്രമാണ് പിന്നീട് മുച്ചൂര്‍കാവ്‌ ക്ഷേത്രം എന്നറിയപ്പെട്ടത്.
                          
ശ്രീകോവിലും മറ്റും ഇടിഞ്ഞുവീഴുകയും,തറയും പീഠവും മാത്രം അവശേഷിക്കുകയും ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഭാഗം കാടുകയറുകയും ചെയ്തു.
                ആ സമയം ഈ പ്രദേശത്തുള്ള ആളുകള്‍ക്ക് വസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വന്നു മരിക്കാന്‍ തുടങ്ങി.തുടര്‍ന്ന് വടക്കേതില്‍ചിറ കുഞ്ഞന്‍ മൈലന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന പ്രശ്നവിധിയില്‍ ക്ഷേത്രം പരിപാലിക്കണമെന്നും പൂജാകര്‍മ്മങ്ങള്‍ ഇല്ലാത്തതിനാല്‍ ദേവി ഭൂമിക്കടിയിലെക്ക് താഴ്ന്നു പോയികൊണ്ടിരിക്കുകയാനെന്നും ഭൂമിക്കടിയില്‍ നിന്നും ദേവിയെ ഏടുത്തു പുന:പ്രതി ട നടത്തി അല്ലാത്തപക്ഷം ഇവിടുത്തെ പുലയര്‍ക്കു നാശം സംഭവിക്കുമെന്നും നാട് തന്നെ നശിച്ചുപോകാന്‍ സാധ്യത ഉണ്ടെന്നും അങ്ങനെ പാഴൂര്‍ പടിപ്പുരക്കലെ പ്രശ്നവിധിയില്‍ ഭൂമി കുഴിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു.ദിവസങ്ങള്‍ നീണ്ടുനിന്ന വൃതാനുഷ്ടാനങ്ങളോടെ ഭൂമിപൂജ നടത്തി ഭൂമികുഴിക്കാനുള്ള നടപടികള്‍ തുടങ്ങി .രണ്ടാഴ്ച്ചയില്‍ കുഴിയെടുത്തപ്പോള്‍ കക്കയും,ചിപ്പിയും കാണുകയും കുഴിയില്‍ വെള്ളം നിറയുകയും കുഴിയെടുക്കല്‍ നിറുത്തിവയ്ക്കുകയും തന്ത്രി പൂജാവിധികള്‍ തുടങ്ങുവാന്‍ തയ്യാറെടുക്കുകയും ചെയ്തു .അങ്ങനെ പൂജാദ്രവ്യങ്ങളുമായി കുഴിയില്‍ ഇറങ്ങിയ ശാന്തിക്കാരന് ദേഹഅസ്വസ്ഥത അനുഭവപ്പെടുകയും പൂജ തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കാതെ വരികയും ചെയ്തു .
                     തുടര്‍ന്നു പിറ്റേദിവസം പൂജതുടങ്ങിയപ്പോള്‍ കുഴിയിലെ വെള്ളം കുറഞ്ഞു വന്നു.കര്‍മ്മിയുടെ നിര്‍ദേശപ്രകാരം കുടുംബത്തിലെ പ്രധാനികളില്പെട്ട ചിലര്‍ കുഴിയില്‍ ഇറങ്ങി തപ്പുവാനും എന്ത് കയ്യില്‍ കിട്ട്യാലും വിടരുത്‌ എന്നും വഴുതിപോയാല്‍ അത് ഗംഗയുടെ അടിത്തട്ട് വരെ പോകുമെന്നും തന്ത്രി നിര്‍ദേശിച്ചു.അപ്രകാരം കുഴിയില്‍ ഇറങ്ങി തപ്പിയവരില്‍ ഇളമനക്കല്‍ കണ്ണന്‍ എന്നയാളുടെ കയ്യില്‍ എന്തോ തടയുകയും അദ്ദേഹം അത് മുറുകെ പിടിക്കുകയും ചെയ്തു.ആ സമയം കയ്യില്‍ കിട്ടിയ ദേവിവിഗ്രഹം അതിശക്തിയില്‍ പിടിക്കുകയും കണ്ണന്റെ കൈവിരലുകള്‍ മുറിഞ്ഞു രക്തം ധാരധാരയായി ഒഴുകുകയും ചെയ്തു .വെള്ളത്തില്‍ നിന്നും കരയില്‍ കൊണ്ടുവന്ന വിഗ്രഹത്തില്‍ നിന്നും രക്താഭിഷേകം നടത്തിയരീതിയില്‍ കാണപെടുകയും ഉടന്‍ ചുവന്ന പാട്ടില്‍ പൊതിഞ്ഞു വിഗ്രഹം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചാത്തമംഗലത്ത് മനയില്‍ എത്തിക്കുകയും തുടര്‍ന്നു ഗ്രാമന്തരങ്ങള്‍ ചുറ്റി ക്ഷേത്രത്തില്‍ എത്തിച്ചേരുകയും മനക്കലെ പിന്തലമുറക്കാരനായ ഗുപ്തന്‍ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രതിഷ്ട നിര്‍വഹിക്കുകയും ചെയ്തു പിന്നീട് ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല കുഞ്ഞന്‍ മൈലനും കുടുംബക്കാര്‍ക്കും ആയിരുന്നു.ആത്മീയകാര്യങ്ങളില്‍ വലിയ പരിജ്ഞാനം ഇല്ലാതിരുന്ന ഇവര്‍ക്ക്‌ ചാത്തമംഗലത്ത് മനയിലെ നിര്‍ദേശാനുസരണം നടക്കാവില്ലത്ത് നാരായണന്‍ ഇളയിതിനെ കൊണ്ട് മാസത്തില്‍ ഒരിക്കല്‍ ഉള്ള കളമെഴുത്ത് പാട്ടും മറ്റും സര്‍പ്പങ്ങള്‍ക്കായി നടത്തിപ്പോന്നു.എന്നാല്‍ 1982-1983 കാലമായപ്പോള്‍ ക്ഷേത്രം വീണ്ടും ക്ഷയിച്ചുതുടങ്ങി തുടര്‍ന്ന് കുടുംബകാരണവരായ കുഞ്ഞന്‍ മൈലനും കുടുംബക്കാരനെ വിളിച്ചുകൂട്ടി ക്ഷേത്രം കേരള പുലയ മഹാസഭ 95 ആം നമ്പര്‍ ശാഖയ്ക്ക് കൈമാറുവാന്‍ തീരുമാനിച്ചു.അങ്ങനെ 1983ല്‍ പുലയമാഹാസഭ കമ്മിറ്റി രൂപീകരിക്കുകയും ക്ഷേത്രകാര്യങ്ങള്‍ കമ്മിറ്റി നോക്കിപോരുകയും ചെയ്തു.
              1984  ല്‍ ജോതിഷ പണ്ഡിതനായ ചോറ്റാനിക്കര
എം.ആര്‍ രാമകൃഷ്ണന്‍ ജോത്സ്യന്‍ നേതൃത്വത്തില്‍ നടന്ന അഷ്ടമംഗല പ്രശ്നത്തില്‍ ദേവിയുടെ മൂലവിഗ്രഹത്തിനു അംഗഭംഗം സംഭവിച്ച വിവരം തെളിയുകയും ചെയ്തു പീഠത്തിന്‍റെ ജീര്‍ണ്ണിച്ച അവസ്ഥയും പ്രശനത്തില്‍ വന്നു തുടര്‍ന്ന്‍ പുനപ്രതിഷ്ഠക്കു ശേഷം മൂലവിഗ്രഹം ഗംഗയില്‍ സമര്‍പ്പിച്ചതോടെ ക്ഷേത്രചൈതന്യം പഴയ സ്തിതിയില്‍ ആയി .വര്‍ഷത്തില്‍ ഒരിക്കല്‍ പ്രതിഷ്ഠകര്‍മ്മം മുന്‍ ശബരിമല മേല്‍ ശാന്തി മോന്നാട്ടുമനക്കല്‍ ശ്രീകൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠവാര്ഷികപൂജയും നടത്തിവരുകയും ചെയ്തുവരുന്നു . 

                 തയ്യാറാക്കിയത്
               ജോമോന്‍ ജോസഫ്‌    


കോപ്പിറൈറ്റ് © Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

No comments: