നടക്കാവിലമ്മയുടെ ഉൽപ്പത്തി ചരിത്രം
ഏതാണ്ട് നാന്നൂറ് കൊല്ലങ്ങള്‍ക്ക് മുന്പ് അനേകം ബ്രാഹ്മണാലയങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു അതില്‍ സമ്പത്ത് കൊണ്ട് മുന്‍പന്തിയില്‍ ആയിരുന്നു പുല്യാട്ട് ഭട്ടേരി മഠം , ചാത്തമംഗലത്തു മന ,വടക്കേടത്ത് മന ,ചേലക്കല്‍ മന ,തെക്കേടത്ത് മന .തുടങ്ങിയവ .ഈ കുടുംബങ്ങല്‍ക്കെല്ലാം സ്വന്തമായി ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു .അവരെല്ലാം വൈഷ്ണവ കുലജാതരായിരുന്നകൊണ്ട് നരസിംഹം ,ശ്രീകൃഷ്ണന്‍ തുടങ്ങിയ ഭഗവാന്‍മാരെ ആരാധിച്ചു പോന്നു .അവിടങ്ങളില്‍ ശൂദ്ര ജനങ്ങള്‍ക്ക് ഒട്ടും തന്നെ പ്രവേശനം ഉണ്ടായിരുന്നില്ല .എന്നാല്‍ അവരോടു അടുത്ത് നിന്നിരുന്ന ചില നായര്‍ കുടുംബങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നെങ്കിലും സ്ത്രീകള്‍ക്ക് മാറ് മറക്കാതെ മാത്രമെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ .ഇങ്ങനെയുള്ള അനീതിയില്‍ നായരാദി പിന്നോക്ക സമൂഹം അതൃപ്തരായിരുന്നു .
എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്ഥ നിലപാടെടുത്ത ബ്രാഹമണആലയം ആയിരുന്നു പുല്യാട്ട് ഭട്ടതിരി മഠം .അവര്‍ക്ക് സ്വന്തമായി ക്ഷേത്രം ഇല്ലങ്കിലും മഠത്തില്‍ ആര്‍ക്കും എപ്പോഴും കയറി തങ്ങളുടെ ആവലാതികള്‍ ബോധിപ്പിക്കാന്‍ അവസരം ഉണ്ടായിരുന്നു മടതോട് ചേര്‍ന്ന് ഒരു ഭോജനശാല തന്നെ ഉണ്ടായിരുന്നു .വിശന്നു ചെല്ലുന്ന ഏതൊരുവനും അന്നം കിട്ടുക എന്നത് ഉറപ്പായിരുന്നു അക്കാലത്ത് ശ്രീ വൈക്കത്തപ്പനെ ദര്‍ശിക്കാന്‍ അനേകം പരദേശി ബ്രാഹമണര്‍ മുന്‍പിലുള്ള പ്രധാന നിരത്തിൽക്കൂടി പോയിരുന്നു അവര്ക്ക് ഇവിടുന്നു എല്ലാ സഹായവും നല്കിപ്പോന്നു .
ഭാട്ടേരി മഠത്തിനു സമ്പത്തും പേരും പെരുമയും ഉണ്ടായിരുന്നുവെങ്കിലും ഒരു വല്ലാത്ത ദുഖം അവരെ അലട്ടിയിരുന്നു .അവിടുത്തെ ഒരു ഭട്ടതിരി വേളി കഴിച്ചു അനേകം വര്ഷമായിട്ടും സന്താനങ്ങൾ ഒന്നും ഉണ്ടായില്ല .ഈ സാഹചര്യത്തിൽ ഉദയംപേരൂർ നാട്ടിലെ നായർ കുടുംബങ്ങളിൽ സംഭവിക്കുന്ന മരണത്തിന്റെ ശേഷക്രിയ ചടങ്ങുകൾക്ക് കാഞ്ഞിരമറ്റം ദേശത്തുനിന്നു ഒരു മലയാള ബ്രാഹമണൻ എത്തുക പതിവുണ്ട് ഈ ഇളയത് ഭട്ടേരി മഠത്തിലെ സന്തതസഹചാരി ആയിരുന്നു അദേഹം ഭട്ടേരി മഠത്തിന്റെ ദുഃഖം അകറ്റാൻ ഒരു നിര്ദേശം അവര്ക്ക് മുന്നിൽ വച്ചു ..ഒരു 41 ദിവസത്തെ ഭജനം .അതും കേരളത്തിലെ ഏറ്റവും വലിയ ആരധനാലയമായിരുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ .
അങ്ങനെ ഇളയതിന്റെ അഭ്യര്ത്ഥന മാനിച്ചു ഭട്ടതിരിയും ഇളയതും കൂടി ഭജനത്തിനായി കൊടുങ്ങല്ലൂർക്ക് പുറപ്പെട്ടു .അവിടെ ക്ഷേത്രതോട് ചേര്ന്നുള്ള ഒരു സത്രത്തിൽ ആവാസം ഉറപ്പിച്ച് ഭജനം തുടങ്ങി ..ഭജനത്തിന്റെ 40 ആം നാൾ അർദ്ധരാത്രിയിൽ ദിവ്യതെജ്വസ്വിനിയായ ഒരു യുവതി അവർക്കു മുന്നില് പ്രത്യക്ഷപ്പെട്ട് ചില കാര്യങ്ങൾ അരുള്ചെയ്തു .ഭജനത്തിൽ ദേവി സന്തുഷ്ടയാണെന്നും ദുഃഖങ്ങൾ എല്ലാം മാറിക്കിട്ടുമെന്നും എന്നാൽ നാളെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ചിറക്കുളത്തിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ഒരു ദേവി വിഗ്രഹം കിട്ടുമെന്നും അത് യഥാവിധി കൊണ്ടുപോയി ആരാധിച്ചു കൊള്ളുവാനും ആജ്ഞാപിച്ചു ദേവി അപ്രത്യക്ഷയായി .
പിറ്റെദിവസം അതിരാവിലെ തന്നെ ഭട്ടതിരിയും ഇളയതും കൂടി കുളിക്കാനായി പടിഞ്ഞാറെ ചിറയിലെ കുളത്തിലേക്ക് പുറപ്പെട്ടു . കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഇളയതിന്റെ കാലില എന്തോ തടയുന്നമാതിരി തോന്നി അദേഹം അത് മുങ്ങിയെടുത്തു .യുവതിഭാവത്തിൽ ഇരിക്കുന്ന ഒരു ദേവീവിഗ്രഹം .ഉടൻ തന്നെ വിവരം ക്ഷേത്ര പൂജാരിമാരയും ,കാര്യക്കാരെയും അറിയിച്ചു .തലേരാത്രിയിൽ ഉണ്ടായ സംഭവവും അവരെ ധരിപ്പിച്ചു .സന്തുഷ്ടയായിതീര്ന്ന അവർ വിവരം പെരുമ്പടമ്പ് സ്വരൂപത്തെ അറിയിച്ചു .അവരുടെ അറിവോടെ വിഗ്രഹം ഇളയത്തിനും ഭട്ടതിരിക്കും കൊണ്ടുപോകാനുള്ള അനുവാദം കിട്ടി.
പൂജാരിമാർ വിഗ്രഹത്തെ ശ്രീലകത്തെക്കു വാങ്ങി മഹാദേവിയുടെ ചൈതന്യത്തെ അതിലേക്ക് ആവാഹിച്ച് കുടിയിരുത്തി .ചെമ്പട്ട് ഉടുപ്പിച്ചു രക്തഹാരം അണിയിച്ചു .ഓംകാര മന്ത്രധ്വനികളോടെ വിഗ്രഹം ഇളയതിന്റെ കയിലോട്ടു കൊടുത്തു .കെടാവിളക്ക് ഭട്ടതിരിയുടെ കയ്യിലും കൊടുത്തു .മുൻപിൽ കെടാവിളക്കുമായി ഭട്ടതിരിയും വിഗ്രഹം വഹിച്ചുകൊണ്ട് ഇളയതും കൊടുങ്ങല്ലൂർ കോട്ടപ്പുറം കടവിൽ യാത്രയായി .ആ കാലത്ത് ആളുകൾ ജലയാത്രയാണ് നടത്തിയിരുന്നത് വിഗ്രഹവാഹക സംഘത്തിനു യാത്രചെയ്യാൻ കൊടുങ്ങല്ലൂർ ക്ഷേത്രകാര്യക്കാർ പ്രത്യേക വള്ളം ഏർപ്പാടാക്കിയിരുന്നു .അവർ കൊച്ചീകായലിൽ കൂടി യാത്രചെയ്തു പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ ഇറക്കിപൂജ കഴിച്ചു വിശ്രമിച്ചു വീണ്ടും യാത്രതുടർന്നു .നെട്ടൂർ കടവിൽ എത്തിച്ചേർന്ന സംഘത്തെ തിരുനെട്ടൂരപ്പന്ടെ ഊരായ്മ്മക്കാർ താലപ്പോലിയോടെ എതിരേറ്റു ക്ഷേത്രത്തിലേക്ക് ആനയിച്ചു .അവിടുന്ന് വേമ്പനാട് കായലിലൂടെ യാത്രതുടർന്നു അവർ ചേപ്പനം കോതേശ്വര ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു .ചേപ്പനം നിവാസികൾ മുടിയേറ്റൊടെ ദേവിയെ സ്വീകരിച്ചു .അവിടുന്ന് സന്ധ്യയോട് അടുത്ത സമയത്ത് ഉദയംപേരൂർ പട്ടമനകടവിൽ വിഗ്രഹവാഹക സംഘം എത്തിച്ചേർന്നു അത് ഒരു മകരമാസത്തിലെ അശ്വതി നാളിൽ ആണെന്ന് പറയപ്പെടുന്നു പട്ടമനകടവിലെ ധീവരസമുദായക്കാരായ ആബാലവൃദ്ധ ജനങ്ങൾ ചൂട്ട്കറ്റ തെളിച്ച് ആരപ്പുവിളികലോടെ പഴയ വെട്ടിക്കാപിള്ളി നരസിംഹ ക്ഷേത്ര ത്തിന്റെ പിന്നിലെ വഴിയിലൂടെ കിഴക്കോട്ട് നടന്നു പുന്നക്കൽപറമ്പിൽ എത്തിച്ചേർന്നു അവിടെ വലിയ പാലമരചുവട്ടിൽ ദേവിയെ ഇറക്കി എഴുനള്ളിച്ചു .ഭട്ടതിരിയും ,ഇളയതും കൂടി ദീപാരാധന കഴിച്ചു അത്താഴപൂജ നടത്താൻ എന്തു നിനച്ചിരിക്കെ പട്ടമനകുടുംബതിലെ കാരണവത്തിയായ കുഞ്ചിമുത്തശിയും മൂത്ത മകൻ രാമൻ നായരും അരിപ്പൊടിയും ചുരണ്ടിയ തേങ്ങയും വാഴയിലയും കൊതുമ്പും ഓട്ടുരുളിയും കൊണ്ടുവന്നു .അവരുടെ അപേക്ഷപ്രകാരം അന്ന് ഓട്ടട ചുട്ട് ദേവിക്ക് നിവേദിച്ചു .ഇന്നും ക്ഷേത്രത്തിലെ പ്രധാന വഴിപാട് കനലിൽ ചുട്ടെടുത്ത ഓട്ടട തന്നെ.
വിഗ്രഹവാഹക സംഘം പുന്നക്കൽ പറമ്പിൽ നിന്ന് രാത്രിയോടെ തന്നെ ഇടംപാടത്കൂടി തെക്കോട്ട് നടന്നു കിഴക്കൊട്ട് കീച്ചേരി തൊണ്ട് വഴി പ്രധാന നിരത്തിൽ എത്തിച്ചേർന്നു ഇന്നു കാണുന്ന ശ്രീമൂല സ്ഥാനത്ത് പ്രത്യേക പീഠത്തിൽ ദേവിയെ കുടിയിരുത്തി .
ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ക്ഷേത്രത്തിനു മൂന്നു നമ്പൂതിരി കുടുംബങ്ങൾ ഊരായ്മ്മക്കാരായി വന്നുചേർന്നു .പുല്യാട്ട് ഭട്ടേരി മഠം ,കൈനകരി ഇല്ലം ,പുതുവെളി ഇളമന .ഇവരുടെ മേൽ നോട്ടത്തിൽ ഒരു ദേവസ്ഥാനം ഉണ്ടാക്കുകയും അതിന്റെ നേതൃത്വത്തിൽ ശ്രീകോവിൽ ,നമസ്ക്കാര മണ്ഡപം തിടപ്പള്ളി പാട്ടമ്പലം എന്നിവ പണികഴിപ്പികുകയും ചെയ്തു .കാലാന്തരത്തിൽ നമ്പൂതിരിമാരുടെ പൂജയിൽ ദേവിക്ക് നീരസം തോന്നുകയാൽ ,പലവിധ അനര്തങ്ങളും ഇല്ലങ്ങളിൽ ഉണ്ടാകുകയും ചെയ്തു .അതിൻപ്രകാരം ശന്തികർമ്മങ്ങൾ കാഞ്ഞിരമറ്റം ഇളയതിന് തന്നെ തിരിച്ചു നല്കി അദ്ദേഹത്തിന്റെ പിന്മുറക്കാർ ഇന്നും ക്ഷേത്രത്തിലെ ശാന്തി കർമ്മങ്ങൾ ചെയ്തു പോരുന്നു .
അക്കാലത്ത് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥാനത്ത് ചെറിയ ഒരു കാവും അവിടെ ഭഗവതി സാനിധ്യവും ഉണ്ടായിരുന്നതായും അവിടെ ബ്രാഹ്മണരാൽ നിത്യപൂജയും ,വാർഷികമായി കരക്കാരായ നായന്മാരുടെ നേതൃത്വത്തിൽ വിപുലമായ താലപ്പൊലിയും പതിവായിരുന്നു .കാവിനു കിഴക്ക് വടക്കെമൂലയിൽ കുളവും ,തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു അഭ്യസകളരിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു .
ക്രിസ്തുവര്ഷം 1700 നു ശേഷം പല രാഷ്ട്രീയ മാറ്റങ്ങളും ഈ നാട്ടില സംഭവിച്ചു ഉദയംപേരൂർ ദേശം തിരുവിതാംകൂറിന്റെയായി .ടിപ്പുസുൽതാന്റെ പടയോട്ടം ഭയന്ന് പല നമ്പൂതിരി ഇല്ലങ്ങളും തിരോൽഭവിച്ചു .ക്ഷേത്രം നായര് സമുദായത്തിന്റെ കയ്യിൽ ഏത്തിചെർന്നു .തെക്കെ കരയോഗവും പടിഞ്ഞാറെ കരയോഗവും രൂപികരിക്ക പെട്ടു 1939 ഓടെ തെക്കെ കരയോഗം കിഴക്കെ കരയോഗം ആയി മാറി .ദേവസ്വത്തിന് ലിഖിത നിയമാവലി നടപ്പാക്കി ഇരു കരയോഗതിലെയും 3 വീതം പ്രതിനിധിയും നടക്കാവ് ഇല്ലത്തെ ഒരു പ്രതിനിധിയും കൂടി ക്ഷേത്ര ഭരണം നടത്തുന്നു .
നടക്കാവിൽ സ്വരൂപ പ്രതിസ്ടയോ സാധാരണ ഭഗവതി ക്ഷേത്രങ്ങളിൽ ഉള്ളതുപോലെ കണ്ണാടി ബിംബ പ്രതിസ്ടയോ ഇല്ല ഇന്നും ആദിമകാലത്ത് കുടിവച്ചു ആചരിച്ച സമ്പ്രദായമാണ് ഇടതു കൈകളിൽ വട്ടകവാളും ശൂലവും ധരിച്ചിരിക്കുന്നു .വലതു കൈകളിൽ ദാരികന്റെ അറുത്തെടുത്ത ശിരസ്സും രക്ത പാത്രവും കാണാം പൊതുവെ പ്രസന്നമുഖമല്ല ചുണ്ടിനു ഇരുവശത്തും ദംസ്ട്രകൾ പുറത്തേക്ക് നീണ്ട രൂപമാണ് .ഇരിപ്പ് വേതാളത്തിന്റെ കഴുത്തിലും .ദാരിക വധത്തിന്റെ ശേഷമുള്ളതാണ് ധ്യാനം .അല്പകൊപം ശമിച്ച രീതിയിൽ ഉള്ള ഭാവമാണ് എന്നു അഭിജ്ഞമതം .
(2015 ലെ നടക്കാവ് ഉത്സവത്തോട് കൂടി ഇറക്കിയ കർണ്ണികാരം എന്ന പുസ്തകത്തിൽ നിന്ന് )
ജോമോൻ ജോസഫ്
No comments:
Post a Comment