വില്ലാർവട്ടം രാജവംശവും ഉദയംപേരൂരും
ഉദയംപേരൂർ എന്ന സ്ഥലത്തിന് കേരള ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത് . ഇതിൽ വളരെയധികം എടുത്തുപറയേണ്ട ഒരു കാര്യമാണ് വില്ലാർവട്ടം രാജവംശത്തിനു ഉദയംപെരൂരുമായുള്ള ബന്ധം .ഇത് കേരളത്തിൽ ഉണ്ടായിരുന്ന ഏക ക്രിസ്ത്യൻ രാജവംശം ആയിരുന്നു .ഇത് ചരിത്രകാരന്മാരും നാട്ടിലെ വളരെ പഴയ ആള്കാരും ഒഴിച്ച് ഇന്നത്തെ പുതുതലമുറക്ക് അഞാതമാണ് ഇതിനെക്കുറിച്ച് ചെറിയ രീതിയിൽ ഉള്ള എന്റെ അന്വേഷണത്തിൽ നിന്നും കണ്ടെത്തിയ പുസ്തകങ്ങൾ ,ഇന്റർനെറ്റ് എന്നിവയിൽ നിന്നും കിട്ടിയ അറിവുകൾ ഇവിടെ പങ്കുവക്കുകയാണ് ഞാൻ ഈ ലേഖനത്തിൽ. ചേരരാജക്കാന്മാരുടെ കാലത്തുനിന്നു തന്നെ തുടങ്ങാം .ചേരരാജ്യത്തിൻറെ ഉത്ഭവകാലത്തെക്കുറിച്ച് വ്യക്തമായ രേഖകളില്ല . എന്നാൽ, അശോക ചക്രവർത്തിയുടെ ശാസന പ്രകാരം അതു ക്രിസ്തുവിനു മുമ്പ് ( B C ) മൂന്നാം നൂറ്റാണ്ടാണ്. സംഘകാല കൃതികളും റോമൻ ചരിത്ര ഗ്രന്ഥങ്ങളും പറയുന്നത് ചേരം അഥവാ കേരളം എന്ന സ്വതന്ത്ര രാജ്യം നിലനിന്നിരുന്നു എന്നു തന്നെയാണ്.കേരളം എന്ന പേരുതന്നെ ചേരം എന്ന പദത്തിൽ നിന്നുൽഭവിച്ചതാണ്. പലരും വിചാരിക്കും പോലെ തെങ്ങിന്റെ പര്യായമായ 'കേരം' എന്ന വാക്കിൽ നിന്നല്ല. കാരണം, കേരം എന്നത് സംസ്കൃത പദമാണ്. തെങ്ങ് , തേങ്ങ , എന്നിവയാണ് മലയാള പദങ്ങൾ. ചേര രാജാക്കന്മാർ ' ചേരപുത്രന്മാർ' അഥവാ ' കേരളപുത്രന്മാർ' എന്നാണ് അറിയപ്പെട്ടിരുന്നത്. ആസ്ഥാനം വഞ്ചി എന്ന തിരുവഞ്ചിക്കുളവും. അത് ഇന്നത്തെ കൊടുങ്ങല്ലൂർ ഉൾപ്പെട്ട പ്രദേശം തന്നെയാണെന്നാണ് മിക്ക ചരിത്രകാരന്മാരുടെയും അഭിപ്രായം .'ചേര' എന്ന പദം 'ചേരൽ'( ചരിവ് , മലഞ്ചരിവ് ) എന്നർഥമുള്ള തമിഴ് വാക്കിൽ നിന്നുണ്ടായതാണെന്നാണ് , പല തമിഴ് പണ്ഡിതന്മാരുടെയും അസന്നിഗ്ദ്ധമായ അഭിപ്രായം. മഹാഭാരത കഥയിൽ പറയുന്ന ഏകചക്ര ഗ്രാമം എന്നത് ഉദയംപേരൂർ എന്നാണ് ഐതിഹ്യം. മഹാഭാരതകഥയിലെ പാണ്ഡവകുടുംബം അരക്കില്ലത്തില്‍ നിന്നും രക്ഷപ്പെട്ട് ഹിഡുംബ വനത്തിലൂടെ ഏകചക്രം എന്ന ഗ്രാമത്തിലെത്തുകയും അവിടെ വെച്ച് ബകനെ വധിക്കുകയും ചെയ്തു. ആ ഏകചക്രഗ്രാമമാണ് ഇന്നത്തെ ഉദയംപേരൂര്‍. കൂടാതെ ഉദയംപേരൂർ എന്ന പേരിനു പിന്നിൽ ഒന്നാം ചേര ചക്രവർത്തി ആയിരുന്ന 'ഉതിയൻ ചെരലാതൻ' ന്റെ പേരിൽ നിന്നായിരിക്കണം എന്ന് കരുതുന്നു .പ്രതാപശാലിയും, ധര്‍മ്മിഷ്ഠനുമായിരുന്ന ഉദയനമഹാരാജാവിന്റെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് അന്നത്തെ ജനങ്ങള്‍ ഏകചക്രഗ്രാമത്തെ ഉദയംപേരൂര്‍ എന്ന് നാമകരണം ചെയ്തത്. ഉദയംപേരൂര്‍ എന്നാല്‍ ഉദയനന്റെ പേരുള്ള ഊര് എന്നാണര്‍ത്ഥം. ഉദയനമഹാരാജാവിന്റെ പൂന്തോട്ടമായിരുന്നു ഇന്നത്തെ പൂത്തോട്ട. ചേരന്മാരുടെ കാലത്താണ് വിദേശ മതങ്ങളായ യഹൂദ മതവും ക്രിസ്തു മതവും കേരളത്തിലെത്തിയത്.ആ സമയത്ത് ബുദ്ധിസവും ജൈനിസവും ഇവിടത്തെ പ്രബല മതങ്ങളായിരുന്നു. ക്രിസ്തു ശിഷ്യനായ തോമ്മാ ശ്ലീഹ, മലബാർ തീരത്തുള്ള കൊടുങ്ങല്ലൂരിൽ ( മാല്യങ്കര ) എത്തിയത് 'ഉതിയൻ ചെരലാതൻ' ചേരനാടിന്റെ അധിപനായിരുന്ന കാലത്ത് ആണെന്നാണു ചാവുകടൽ രേഖകളുടെ ( കുമ്രാൻ ചുരുളുകൾ ) പഠനത്തിന്റെ വെളിച്ചത്തിൽ ചില ചരിത്രകാരന്മാർ ഉറച്ചുവിശ്വസിക്കുന്നത്. കേരള നസ്രാണി പാരമ്പര്യവും ഏതാണ്ട് ആദിശയിലാണ്. ഈ മതങ്ങൾക്ക് എല്ലാവിധ സഹായ സഹകരണവും വ്യാപാര -മതപ്രചാരണ സ്വാതന്ത്ര്യവും പെരുമാക്കന്മാരിൽ നിന്നു ലഭിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്. ചരിത്ര പണ്ഡിതന്മാരായ പ്രൊഫസർ ഇളംകുളം കുഞ്ഞൻ പിള്ള, ഡോക്ടര എം.ജി .എസ് . നാരായണൻ എന്നിവരുടെ ഗവേഷണ പ്രകാരം കുലശേഖര ആഴ്വാർ തൊട്ട് ( ക്രി. വ . 800 - 820 ) രാമവർമ്മ കുലശേഖരൻ വരെ ( 1090 = 1102 ), ആകെ പതിമൂന്നു കുലശേഖര പെരുമാക്കന്മാരുണ്ട്. രാമവർമ്മ കുലശേഖരന്റെ ഭരണകാലത്താണ് അത്യുഗ്രമായ ചോളാക്രമണം ഉണ്ടായത്.യുദ്ധത്തെ തുടർന്ന് അവർ തലസ്ഥാനമായ മഹോദയപുരവും പരിസര പ്രദേശവും.ചുട്ടെരിക്കുകയുണ്ടായി. ചോളസാമ്രാജ്യത്തി നെതിരായ ജീവൻ - മരണ പോരാട്ടത്തിൽ അദ്ദേഹം ദേശാഭിമാന പ്രചോതിതമായ സകല ശക്തികളെയും അണി നിരത്തി . ദക്ഷിണേന്ത്യയിൽ കൊടുമ്പിരിക്കൊണ്ട ചോളാക്രമണത്തെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായി , ആസ്ഥാനം മഹോദയപുരത്തു നിന്ന് കൊല്ലത്തേക്ക് മാറ്റി .നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തി.നമ്പൂതിരി യുവാക്കൾ ആയുധമാണിഞ്ഞു.സമസ്ത വിഭവങ്ങളും ശേഖരിച്ച്, പുതുതായി രൂപപ്പെടുത്തിയ 'ചാവേർ ' പടയുടെ സഹായത്തോടെ നടത്തിയ മുന്നേറ്റം ചോളപ്പടയുടെ സമ്പൂർണ പിന്മാറ്റത്തിനു കാരണമാക്കി.6. പിൽക്കാല ചേരന്മാരെക്കുറിച്ച് ,എഴുപതോളം ലിഖിതങ്ങളുടെ പഠനത്തിലൂടെ എം .ജി .എസ് എത്തിച്ചേർന്ന നിഗമനങ്ങൾ പലതും ഇളംകുളത്തിന്റെ നിലപാടുകളെപ്പോലും തകിടം മറിക്കുന്നവയായിരുന്നു. ചേരന്മാർ മരുക്കത്തായി കളാണെന്നും മഹോദയപുരം-ചേരന്മാരുടെ ഭരണം പാണ്ഡ്യ-ചോള ദേശങ്ങളിലേതുപോലുളള രാജവാഴ്ച ആയിരുന്നില്ലെന്നുമാണ് അദ്ധേഹത്തിന്റെ അഭിപ്രായം. " മഹൊദയപുരതിനു ചുറ്റുമുള്ള നാലു ബ്രാഹ്മണ ഗ്രാമങ്ങളുടെ പ്രതിനിധികളായ നാലു തളിയാതിരിമാരാണ് യഥാർത്ഥത്തിൽ ഭരണത്തിന്റെ കടിഞ്ഞാണ്‍ കൈയാളിയിരുന്നത്. മൂഴിക്കുളം , ഐരാണിക്കുളം, ഇരിങ്ങാലക്കുട , പറവൂർ എന്നിവയായിരുന്നു, ഈ ബ്രാഹ്മണ ഗ്രാമങ്ങൾ. ഈ നാലു ബ്രാഹ്മണ ഗ്രാമങ്ങളുടെ അധികാര സ്ഥാനങ്ങളായി മേൽത്തളി , കീഴ്ത്തളി , ചിങ്ങപുരം തളി ,നേടിയതളി എന്നീ നാലു ക്ഷേത്രങ്ങളുമുണ്ടായിരുന്നു.അവ 'നാലുതളി' എന്നറിയപ്പെട്ടു ഈ നാലുതളികളാണ്കേരളത്തിലെ മറ്റെല്ലാ ബ്രാഹ്മണ ഗ്രാമങ്ങളുടെയും പ്രാതിനിധ്യം വഹിച്ചിരുന്നത്. പെരുമാൾ, ഈ ബ്രാഹ്മണസന്ഘത്തിന്റെ നോമിനി മാത്രമായിരുന്നു”6. ഭൂമി വിഭജനം ഒഴിവാക്കാനാണ് , നമ്പൂതിരിമാരിലെ മൂത്തയാൾ മാത്രം സ്വസമുദായത്തിൽനിന്നു വിവാഹം ചെയ്താൽ മതിയെന്നും ഇളയ സഹോദരന്മാർ കാരാളന്മാരായ നായർ കുടുംബത്തിലെ സ്ത്രീകളെ സംബന്ധം ചെയ്താൽ മതിയെന്നുമുള്ള വിചിത്രാചാരമുണ്ടായത് എന്ന കേരളീയ ചരിത്രകാരന്മാരുടെ പൊതുവിലുള്ള നിഗമനം യുക്തി സഹമാണെ ന്നാണ് അദ്ദേഹത്തിന്റെയും അഭിപ്രായം. ചോളന്മാരെ പാരാജിതരാക്കിയെങ്കിലും , വർഷങ്ങൾ നീണ്ട യുദ്ധത്തിന്റെ പരിണത ഫലമായി കുലശേഖര സാമ്രാജ്യം ശിഥിലമാകാൻ തുടങ്ങി.രാജ്യത്തിന്റെ അഖണ്ടത നഷ്ടപ്പെട്ടു. യുദ്ധം, കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പരിവർത്തനത്തിന് ഇടയാക്കി . കേന്ദ്രീകൃത . ഭരണത്തിന്റെ തകർച്ചയോടെ കേരളത്തിലെമ്പാടും അനേകം സ്വതന്ത്ര സ്വരൂപങ്ങൾ ( ചെറുകിട രാജ്യങ്ങൾ ) ഉയർന്നുവന്നു. തുടർന്നുള്ള കേരളചരിത്രം , ഈ നാട്ടുരാജ്യങ്ങളുടെ ചരിത്രമാണ്.ഇങ്ങനെ, പെരുമാൾ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ സ്വാതന്ത്ര്യം പ്രാപിച്ച സ്വരൂപികളിൽ ഒന്ന് 'ചേന്നമംഗലത്തു വാണ' ( കോട്ടയിൽ കോവിലകം ),വില്ലാർവട്ടം എന്ന ക്രിസ്ത്യൻ രാജവംശ മായിരുന്നുവത്രെ! പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി പാണ്ഡ്യ, പല്ലവ, ചാലൂക്യ, സർവോപരി ചോള , ശക്തി കളിൽനിന്നു തുടരെ തുടരെ യുള്ള ആക്രമണങ്ങളുടെ ഫലമായി ഏതാണ്ട് മൂന്നു നൂറ്റാണ്ടു നീണ്ട ചേരസാമ്രാജ്യം അസ്തമിച്ചു. പന്ത്രണ്ടാം ശതകത്തോടെ കുലശേഖര സാമ്രാജ്യം ശിഥിലമാവുകയും അനേകം സ്വരൂപങ്ങൾ ( നാട്ടു രാജ്യങ്ങൾ ) ഉയർന്നുവരികയും ചെയ്തു. "പെരുമ്പടപ്പ് ( കൊച്ചി ),കോലത്തുനാട്, നെടിയിരിപ്പ്, വള്ളുവനാട്, വേണാട്" തുടങ്ങിയ രാജ്യങ്ങൾ ശക്തി പ്രാപിച്ചത് ഏതാണ്ട് ഈ കാലഘട്ടത്തിലാണ്. മറ്റൊരദ്ധ്യായത്തിൽ സൂചിപ്പിച്ചതുപോലെ, പെരുമാൾ ഭരണത്തിന്റെ അവസാനകാലത്ത്, ഇപ്രകാരം സ്വാതന്ത്ര്യം പ്രാപിച്ച സ്വരൂപികളിൽ ഒന്ന് വില്ലാർ വട്ടം (വില്യാർവട്ടത്തു) എന്ന ക്രിസ്ത്യൻ രാജവംശമായിരുന്നു.പെരുമ്പടപ്പു സ്വരൂപമെന്ന കൊച്ചിരാജവംശത്തിന്റെ ഉത്ഭവം പോലെ തന്നെ, സാമന്ത സ്വരൂപമായ ‘വില്ലാർവട്ട’ത്തിന്റെ ഉത്ഭവവും,'പെരുമ്പടപ്പു ഗ്രന്ഥവരി', പാലിയം കുടുംബ ചരിത്രം, ഉദയംപേരൂർ പള്ളി ലിഖിതങ്ങൾ, നസ്രാണികൾ, (തങ്ങളുടെ വംശത്തിൽ ഉണ്ടായിരുന്ന രാജാവിനെപ്പറ്റി), വാസ്കോ ഡി ഗാമയ്ക്ക് കൊടുത്ത നിവേദനം, തുടങ്ങിയ രേഖകളിൽ വ്യക്തമായ സൂചനകൾ ഉണ്ടെങ്കിലും, വിശദാംശങ്ങളുടെ അഭാവം മൂലം ഇന്നും ഒരു പ്രഹേളികയായി അവശേഷിക്കുകയാണ്. അത് ഭാഗികമായിട്ടെങ്കിലും അനാവരണം ചെയ്യപ്പെട്ടതാകട്ടെ, പോർച്ചുഗീസ് അധിനിവേശ കാലത്തോടെയും.
വില്ലാർവട്ടം രാജവംശത്തിന്റെ ഉത്ഭവം
കേരള ചരിത്രകാരന്മാരുടെ പോതുവിലുള്ള നിഗമനപ്രകാരം,ചേന്ദമംഗലത്തു (കോട്ടയിൽ കോവിലകം ) 'പാർത്ത' വില്ലാർവട്ടം രാജവംശം, കൊടുങ്ങല്ലൂർ തലസ്ഥാനമാക്കിവാണ ചേര രാജാക്കന്മാരുടെ, ഒരു താവഴിയുടെ, പിന്തുടർച്ചാവകാശിക ളാ യിരിക്കണം. കൊച്ചി രാജാവിന്റെ ഒരു സാമന്തനായിരുന്നു, ക്ഷത്രിയ വംശജനായ വില്ലാർവട്ടം രാജാവെന്നും, അദ്ധേഹത്തിന്റെ കീഴിലെ ഒരു ഇടപ്രഭുവായിരുന്നു ചേന്ദമംഗലത്തെ പാലിയത്തച്ചനെന്നും, ഒരു പാലിയത്തച്ചന്റെ പൌത്രനായ സി. അച്യുത മേനോൻ 'കൊച്ചി സ്റ്റേറ്റ് മാനുവലി'ൽ പറയുന്നുണ്ട് : " അച്ചൻ, ആദ്യം, വില്ലാർവട്ടത്തു രാജാവിന്റെ ഒരു സാമന്തനായിരുന്നു. ഈ രാജാവാകട്ടെ. കൊച്ചിക്കു വിധേയനായ ഒരു ക്ഷത്രിയനായിരുന്നു.( വില്ലാർവട്ടം ) രാജ്യത്തിന്റെ വിസ്തൃതി എന്തു മാത്രമാണെന്ന് അറിഞ്ഞു കൂടാ എന്നാൽ, ചേന്നമംഗലവും അതിനു വടക്കും തെക്കുമുള്ള ഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു "15 വില്ലാർവട്ടം രാജ്യത്തിന്റെ വിസ്തീർണത്തെപ്പറ്റി 'പാലിയം ഈടുവൈപ്പിലെ' ഒരു പുരാതന രേഖയിൽ ഇങ്ങനെ കാണുന്നു :" കരിയമ്പള്ളിക്കടവിനു കിഴക്ക് എളന്തിക്കരക്കു നേരെ നെടുമ്പറത്തു എളെടം ചുങ്കം എടുക്കുന്നതിനു ദിക്ക് അഞ്ച അംബുരുത്തിക്കു പടിഞ്ഞാട്ടു വടക്കോട്ടിനും കിഴക്കോട്ടും തെക്കു കരിയെമ്പിള്ളിക്കും മുടുകെൻപാലെയ്ക്കും വടക്കെ കാഞ്ഞില (ര ) പുഴയ്ക്കു തെക്കോട്ടു നടു അറുതി പടിഞ്ഞാട്ടു പള്ളിപ്പുറത്തോളം വില്യാർവട്ടത്തു സ്വരൂപത്തിനുണ്ട് ."16 ഈ രാജ്യത്തിന്റെ സ്ഥാപന കാലം ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടിന്റെ അവസാനത്തിലോ അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആണെന്നാണ് ചരിത്രകാരന്മാരുടെ പൊതുവിലുള്ള അഭിപ്രായമെങ്കിലും പ്രശസ്ത കേരളചരിത്രകാരനായ കെ .പി .പദ്മനാഭ മേനോൻ, ഇക്കാര്യത്തിൽ ( യഹൂദ - സിറിയൻ ക്രിസ്ത്യൻ താമ്ര ശാസനങ്ങളുടെ വെളിച്ചത്തിൽ ),ചില പാഠഭേദങ്ങൾ പ്രസ്താവിക്കുന്നുണ്ട് . ഈ രാജ്യത്തിന്റെ ഉത്ഭവത്തെപ്പറ്റി പ്രശസ്ത വിദേശ ചരിത്ര കാരനായ അസ്സെമാനെ ഉദ്ധരിച്ചു കൊണ്ട് ' തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിൽ' പറയുന്നത് നോക്കുക : സ്വന്തം ശക്തിയോടൊപ്പം രാജകീയ ആനുകൂല്യങ്ങളോടും അധികാരങ്ങളോടും കൂടി ഒരു പ്രബല സമുദായമായി വളർന്നതോടെ, കൊല്ലത്തെയും കൊച്ചിയിലെയും നസ്രാണി-ക്രിസ്ത്യാനികൾ, തങ്ങളുടെ ഇടയിൽ നിന്നു തന്നെ ഒരു രാജാവിനെ തെരഞ്ഞെടുക്കാൻ ആഗ്രഹിച്ചു.കാരണം, ഇക്കാലമത്രയും അവർ പലനാട്ടു രാജാക്കന്മാരുടെ കീഴിൽ ചിന്നിച്ചിതറി കിടക്കുകയായിരുന്നു. അതിനാൽ, അവർ ബലിയാർത്തെ ( വില്ലാർവട്ടം ) എന്നപേരിൽ ഒരു ക്രിസ്ത്യൻ രാജാവിനെ തെരഞ്ഞെടുത്തു. പിന്തുടര്ച്ചാവകാശി ഇല്ലാതെ, കൊച്ചി രാജവംശത്തിൽ ലയിക്കും വരെ, ഈ പ്രത്യേക രാജാവും വില്ലാർവട്ടം രാജവംശവും തുടർന്നു. ഇപ്രകാരം അന്യം നിന്നുപോയ രാജവംശവും പ്രജകളും അങ്ങനെ കൊച്ചിരാജാവിന്റെ അധികാര സീമയിലാവുകയും ചെയ്തു. കൊച്ചി രാജവംശത്തിന്റെ അധികാരതിർത്തികൾ വിസ്തൃതമാവുകയും, വില്ലാർവട്ടം ലയിച്ച ഉദയംപേരൂർ, അതിന്റെ ഭാഗമാവുകയും ചെയ്തതോടെ, കൊച്ചി രാജാക്കന്മാർക്ക് മാർത്തോമ്മാ ക്രിസ്ത്യാനി കളുടെമേൽ, പ്രത്യേക അധികാരം ഉണ്ടാവുകയും ചെയ്തു.സ്വന്തമായ രാജപദവി നഷ്ട്ടപ്പെട്ടതോടെ, അവർ താന്താങ്ങളുടെ പ്രദേശത്തെ നാട്ടുരാജാക്കന്മാരുടെ കീഴിലായി.പറങ്കികൾ വരുമ്പോൾ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സ്ഥിതി ഇതായിരുന്നു.17
വില്ലാർവട്ടം, കോഴിക്കോടൻ ഗ്രന്ഥവരിയിൽ :
കേരള ചരിത്രത്തിൽ, പ്രത്യേകിച്ച് സാമൂതിരി ചരിത്രത്തിൽ സ്വന്തമായ ഗവേഷണ-പഠനങ്ങൾ നടത്തിയിട്ടുള്ള പ്രശസ്ത ചരിത്രകാരനായ ശ്രീ.എൻ .എം നമ്പൂതിരി, തന്റെ ഗ്രന്ഥത്തിൽ കൊച്ചി രാജാവിന്റെ സാമന്തനായ വില്ലാർവട്ടം രാജാവിനെയും സ്വരൂപത്തേയും കുറിച്ചും,അത് ഒരു ക്രിസ്‌തീയ രാജവംശമാണെന്നു കാണിച്ചും ' കോഴിക്കോടൻ ഗ്രന്ധവരി'യിൽ നിന്നും ചില തെളിവുകൾ ഹാജരാക്കുന്നുണ്ട്. അദ്‌ദേഹത്തിന്റെ വാക്കുകളിൽ: ......വില്ല്യാർവട്ടം സ്വരൂപത്തെപറ്റി പേരെടുത്തുപറയാവുന്ന ആദ്യത്തെ രേഖ ' കോഴിക്കോടൻ ഗ്രന്ഥവരി'യിലാണു കാണുന്നത്. വില്ല്യാർവട്ടം സ്വരൂപം അടൂർ ഗ്രാമം @ കൊള്ള ചെയ്തതിന്റെ വിവരണമാണ് ഈ രേഖ ( അനുബന്ധം 3.2 ) നെടുങ്ങനാട്ടു നമ്പിടി ചെറുവള്ളി അച്ചമ്മാരെ നീക്കി പെരുമുണ്ടമുക്കിലേക്കുടത്തുവച്ച സുപ്രധാന സംഭവവും ഗ്രന്ഥവരിയിലുണ്ട്.കൊല്ലം 780-- ലാണീസംഭവം. 18. അനുബന്ധം 3.1 : ഗ്രന്ഥവരി പകർപ്പു മാത്രമേ ലഭിക്കുന്നുള്ളൂ ..എ .ഡി . 1558 - 59 -- ലെ അരിയിട്ടു വാഴ്ച, വാകതളി രേഖകളും ഇതോടൊപ്പമുണ്ട്.അവയുടെ മൂലഗ്രന്ഥങ്ങളും ലഭിച്ചിട്ടില്ല.........വില്ല്യാർവട്ടത്തു നമ്പൂതിരി, നെന്മിനി ചാത്രകളി, ചുണ്ടക്കമണ്‍ ചാത്രകളി വാക്കനാറാണ് ചാത്രംപൂടർ ഇത്യാദി പ്രധാന പരാമർശങ്ങളും 1538 - ലെ രേഖയിലുണ്ട്.19. അനുബന്ധം 3.2. : നാലാം നമ്പർ ഗ്രന്ഥം, അവസാന ഓല. വില്ല്യാർവട്ടം സ്വരൂപം ഒരു കൃസ്തീയ രാജവംശമാണെന്ന് ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു.ഈ സ്വരൂപത്തെപ്പറ്റി ഇന്നുവരെ ചരിത്രരേഖകളിൽ പേരെടുത്തുപറഞ്ഞ് പരാമർശം കണ്ടിട്ടില്ല എന്നും പറയുന്നുണ്ട്. ഇവർ ക്രുസ്ത്യാനികളായിരുന്നുവെന്നതിന്, രേഖയൊരു തെളിവാകുന്നില്ല. പക്ഷെ ഹൈന്ദവേതര വംശമാണോ എന്നു സംശയിക്കാനുള്ള സാഹചര്യത്തെളിവ് രേഖയിലുണ്ട്.888 ( എ.ഡി . 1713 )വൃശ്ചികം രണ്ടാം തീയതി അവർ അടൂർ ഗ്രാമം ആക്രമിക്കുകയും ക്ഷേത്രത്തിലെ തോണി ബലമായി കൊണ്ടുപോകയും ഗ്രാമവാസികളായ ബ്രാഹ്മണരെ ഉപദ്രവിക്കുകയും ചെയ്തു.ക്ഷേത്രം തീവച്ചു നശിപ്പിച്ചു.ഈ സംഭവം ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്....20.
പാലിയം രേഖ കളിൽ :
പാലിയം രേഖകളിലും, പാലിയം ചെപ്പേടുകൾ, പാലിയം ഈടുവൈപ്പു, തുടങ്ങിയവയിലും വില്ലാർവട്ടം രാജാവിനെപ്പറ്റിയുള്ള നിരവധി പരാമർശങ്ങൾ കാണാം. പാലിയത്ത് പ്രഭു കുടുംബാംഗവും മുൻ ചരിത്ര പ്രൊഫസ്സറുമായ എം . രാധാദേവിയുടെതായി , ഈ അടുത്തകാലത്ത് പ്രകാശനം ചെയ്ത ' പാലിയം ചരിത്രം' എന്നഗ്രന്ഥത്തിലും ഈ വിഷയം പ്രതിപാതിക്കുന്നുണ്ട്: " ... വന്നേരി ഉൾപ്പടെ പൊന്നാനിയും വള്ളുവനാട് മൊത്തവും സാമൂതിരിയുടെ അധീനതയിലായത്തോടെ വന്നേരിയിലെ ആസ്ഥാനമായ ' ചിത്രകൂടമുപേക്ഷിച്ചു പെരുമ്പടപ്പുകാർ, കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവഞ്ചിക്കുളത്തേയ്ക്കു പോന്നു.....1400-ആം ആണ്ടോടു കൂടി തൃക്കണാമതിലകവും തിരുവഞ്ചിക്കുളവും സാമൂതിരിയുടെ നിയന്ത്രണത്തിലായി..... അതോടെ തിരുവഞ്ചിക്കുളത്തുനിന്ന് 20 മൈൽ തെക്കു കിഴക്കായി മാറിക്കിടന്നിരുന്ന കൊച്ചിപ്രദേശത്ത് അവർ താമസമുറപ്പിച്ചു.1341 –ലുണ്ടായ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ അഴി നികന്നു പോകയും കൊച്ചി ഒരു തുറമുഖമായി രൂപപ്പെടുകയും ചെയ്തിരുന്നു.... പെരുമ്പടപ്പു സ്വരൂപത്തിന്റെ സ്ഥാനന്തരത്തോടെ പാലിയത്തുകാരും ... കൊടുങ്ങല്ലൂരിൽ നിന്ന് ഏറെ ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ചേന്നമംഗലമാണ് സ്ഥിരസങ്കേതമായി തിരഞ്ഞെടുത്തത്. വസ്തുനിഷ്ട്ടമായ രേഖകൾ ലഭ്യമല്ലെങ്കിലും പാലിയം രേഖകളിൽ ഈ സ്ഥാനാന്തരത്തെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. അക്കാലത്തു ചേന്നമംഗലവും അതോടുചേർന്ന ഭൂപ്രദേശവും വില്ലാർവട്ടത്തു രാജാവിന്റെ അധീനതയിലായിരുന്നു. ഈ വില്ലാർവട്ടത്തു രാജാവ് കൊച്ചിയുടെ സാമന്തനായിരുന്നു. ചേന്നമംഗലത്തുള്ള വില്ലാർവട്ടം കുന്നിനു മീതെ ഒരു കോട്ടയ്ക്കകത്തായിരുന്നു, ഈ രാജാവിന്റെ കൊട്ടാരം. മഹാമനസ്ക്കനായ വില്ലാർവട്ടത്തു രാജാവ് ജൂതർക്കും ക്രിസ്ത്യാനികൾക്കും ആരാധനാലായങ്ങൾ നിർമ്മിക്കാനുള്ള ഭൂമിയും ധനവും നല്കി.........കേരളത്തിലെ ഒരു പഴയ ക്രൈസ്തവ രാജവംശമാണ് വില്ലാർവട്ടം എന്നു ചില അഭിപ്രായങ്ങൾ നിലവിലുണ്ട്.21. ഇവിടെ, പാലിയത്ത് അച്ചന്മാർ വരുമ്പോൾ, ചെന്നമംഗലത്ത്, വില്ലാർവട്ടം രാജാവും കോട്ടയിൽ കോവിലകവും ഉണ്ടായിരുന്നു എന്നാണു ലേഖിക പറയുന്നത്.
കോട്ടയിൽ കോവിലകം , ‘വില്ലാർവട്ട’ത്തിന്റെ രാജധാനി :
വില്ലാർവട്ടം രാജാവിന്റെ അഥവാ വില്ലാർവട്ടം സ്വരൂപത്തിന്റെ ആദ്യത്തെ ( ? ) ആസ്ഥാനം, വടക്കൻ പറവൂരിനടുത്ത്, ചേന്നമംഗലത്ത്, കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നു ഏകദേശം തെക്കുകിഴക്കായി, പെരിയാറിന്റെ തെക്കേ തീരത്തുള്ള, ഒരു കുന്നിന്മേലായിരുന്നു സ്ഥിതി ചെയ്തിരുന്നത്.അതിനു ചുറ്റും ഒരു മതിൽക്കെട്ടും അതിനെ ചുറ്റി, നദിയിൽ തിരിച്ചു വിട്ടിട്ടുള്ള ഒരു കിടങ്ങും ഉണ്ടായിരുന്നു.അനേകം നൂറ്റാണ്ടുകളായി പെരിയാറ്റിൽ വർഷം വര്ഷം പ്രതി ഉണ്ടാകാറുള്ള ജല പ്രളയം നിമിത്തം, കൊട്ടാരം നിന്നിരുന്ന കുന്നിന്റെ വടക്കും കിഴക്കുമുള്ള ഭാഗങ്ങൾ ഇപ്പോൾ നഷ്ടീ ഭവിച്ചിട്ടുണ്ട്. (ശേഷിച്ച അവശിഷ്ടങ്ങൾ കുന്നിനു മീതെ കാണാവുന്നതാണ് ) കോട്ടക്കകത്തായിരുന്നു കൊട്ടാരം എന്നതിനാലാണ് ഈ പ്രദേശത്തിനു കോട്ടയിൽ കോവിലകം എന്നു പേരുവീണത് 22. കുന്നിന്മേലുള്ള വിഷ്ണു ക്ഷേത്രവും താഴ്‌വരയിൽ ജ്യൂത സെമിത്തേരിയും ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും, മത സൗഹാർദത്തിന്റെ പ്രതീകമായി ഒരേ പരിസരത്തു തന്നെ, സ്ഥിതി ചെയ്യുന്നത്, ഇവിടെ മാത്രമാണ്.
പാലിയം കൊട്ടാരവും, നാലുകെട്ടും, പാലിയത്ത് അച്ചന്മാരും .
ചേന്നമംഗലത്ത്, വില്ലാർവട്ടം രാജധാനിയായ കോട്ടയിൽ കോവിലകത്തുനിന്ന് ഏതാനും കിലോമീറ്റർ വടക്കു പടിഞ്ഞാറാണ്, കൊച്ചിരാക്കന്മാരുടെ പ്രധാന മന്ത്രി സ്ഥാനം വരെ കയ്യാളിയ പാലിയത്തച്ചന്മാരുടെ ജന്മ ഗേഹമായ പാലിയം നാലുകെട്ടും അതിനൽപ്പം അകലെയുള്ള, ഭരണ സിരാകേന്ദ്രമായി വർത്തിച്ച പാലിയം കോവിലകവും. ‘ഏതാണ്ട് നാനൂറ് വർഷം മുമ്പ്, വന്നേരിയോടു വിട ചൊല്ലിയ പാലിയം എന്ന നായർകുടുംബം, താമസമുറപ്പിക്കാൻ ഉചിതമായൊരു സ്ഥലം കണ്ടെത്തിയത് ഈ പച്ചതുരുത്തിലാണ്.' ( കേരളീയ വാസ്തു വിദ്യയുടെയും ഡച്ചു പൈതൃകത്തിന്റെയും സമജ്ഞസ സമ്മേളനമായ പാലിയം നാലുകെട്ട്, ഇന്നു മുസിരിസ് പൈതൃക മേഖലയിലുള്ള ഒരു സുന്ദര മ്യൂസിയമായി മാറിയിരിക്കുന്നു. ) വില്ലാർവട്ടം രാജാക്കന്മാർ ക്ഷത്രിയരായിരുന്നെന്നും, ഒടുവിലത്തെ രാജാവ് ക്രിസ്തു മതത്തിൽ ചെർന്നതിനാൽ കൊച്ചി രാജാവ് അദ്ദേഹത്തെ സ്ഥാനഭ്രുഷ്ട്ടനാക്കുകയും, ചേന്നമംഗലത്തെ ഈ രാജാവിന്റെ വകയായിരുന്ന സ്ഥലങ്ങൾ പാലിയത്തുകാർക്ക് ഒതുക്കി എന്നും, ഭ്രുഷ്ട്ടരാജാവ് ഉദയംപേരൂരിൽ പോയി വില്ലാർവട്ടം പുനസ്ഥാപിച്ചു എന്നും എൽ.കെ .അനന്തകൃഷ്ണ അയ്യർ,പുത്തേഴത്ത് രാമമേനോൻ ,കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ എന്നിവരടക്കമുള്ള ചരിത്രകാരന്മാർ പലരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.22. മേല്ക്കാണിച്ച നിരീക്ഷണങ്ങൾക്കും നിഗമനങ്ങൾക്കും അടിവരയിടാൻ പോന്ന ഒന്നാം തരം രേഖയാണ്, ഉദയംപേരൂർ ( സൂനഹദോസ് ) പള്ളിയിൽ കാണുന്ന ശിലാലിഖിതം: " ചേന്നോങ്ങലത്തു പാർത്ത വില്ലാർവട്ടം തോമാ രാചാവു നാടുനീങ്ങി, 1500 കു. ൨ "എന്നാണ് 'നാനം മൊനം പഹ് ലവി' യിലുള്ള ആ ലിഖിതം. പക്ഷ, അൽഭുതമെന്നു പറയട്ടെ, ഇത്തരം രേഖകളുടെ പിൻബലവും സി. അച്യുത മേനോനെ പോലുള്ള ആദ്യകാല ചരിത്ര പണ്ഡിതന്മാരുടെ അസന്നിഗ്ദ്ധമായ ഭാഷ്യങ്ങളും ഉണ്ടെങ്കിലും കൊച്ചി രാജവംശത്തിലെ ഈ സ്വരൂപത്തിന്റെ ചരിത്രം, ഒരു കല്പ്പിതകഥ യായി കാണാനാണ് പല ചരിത്രകാരന്മാർക്കും താല്പര്യം
വില്ലാർവട്ടം രാജവംശം : കൂടുതൽ തെളിവുകൾ
കൊച്ചി രാജവംശത്തിന്റെ സാമന്തമായി വില്ലാർവട്ടം എന്നൊരു സ്വരൂപം ഉണ്ടായിരുന്നു എന്നും, അതൊരു ക്രിസ്ത്യൻ രാജവംശ മായിരുന്നു എന്നും കാണിക്കുന്ന വിശ്വസനീയമായ രേഖകളും ശക്തമായ പാരമ്പര്യവുമുണ്ട്. സ്വദേശീയരും വിദേശീയരുമായ പല ചരിത്രകാരന്മാരും ഈ വിഷയം പരാമർശ വിഷയമാക്കുന്നുണ്ട്. വിദേശ ചരിത്രകാരന്മാരായ അസ്സേമാൻ, ബി.എം. റേ, ഫ്രാൻസിസ് ഡേ, ജോർഡാനൂസ്, ഗുവേയ തുടങ്ങിയവരും കേരളീയ ചരിത്രകാരന്മാരായ കെ.പി .പത്മനാഭ മേനോണ്‍,എം.ശങ്കര മേനോൻ, എൽ.കെ.അനന്തകൃഷ്ണ അയ്യർ, പി. ശങ്കുണ്ണി മേനോൻ, ബർനാർഡു തോമ്മ, പ്ലാസിഡ് പൊടിപാറ, എം .ഒ .ജോസഫ് നെടുങ്കുന്നം, പി. തോമസ് മുതലായവരും, തിരുവിതാംകൂർ, കൊച്ചി എന്നീ സ്റ്റേറ്റ് മാന്വൽ രചിതാക്കളായ മെക്കൻസി, സി. അച്യുത മേനോൻ എന്നിവരും കേരളത്തിലെ ഈ പുരാതന രാജ വംശത്തെപ്പറ്റി, പ്രമാണ സഹിതം, വിവരിക്കുന്നുണ്ട്. പ്രശസ്തരും ആദ്യകാല കേരളീയ ചരിത്രകാരന്മാരുമായ കെ . പി .പത്മനാഭ മേനോനും സി.അച്യുത മേനോനും, വില്ലാർവട്ടം രാജാവിന്റെ അസ്തിത്വത്തെ പറ്റി അസ്ന്നിഗ്ധമായി സമ്മതിക്കുന്നുണ്ടെങ്കിലും, ആ രാജാവ് ക്രിസ്തു മതാവലംബി അല്ലായിരുന്നു എന്നുള്ള ധ്വനി തങ്ങളുടെ പ്രസ്താവങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ, ആ പുരാതന രാജ വംശം ക്രൈസ്തവമാണെന്നുള്ളതിനു മതിയായ തെളിവുകൾ -- പ്രത്യക്ഷ തെളിവുകളും സാഹചര്യ തെളിവുകളും -- കേരള ചരിത്രത്തിലും നസ്രാണി പാരമ്പര്യത്തിലും കാണാൻ കഴിയും.
വാസ്കോ ഡി ഗാമയ്ക്കു കൊടുത്ത നിവേദനം:
പോർച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ, 1502 -ൽ രണ്ടാം പ്രാവശ്യം കൊച്ചിയിൽ വന്നപ്പോൾ, കൊടുങ്ങല്ലൂരിലെ നസ്രാണികൾ, അദേഹത്തെ സന്ദർശിച്ച്, അവരുടെ രാജ്യോൽപ്പത്തി യെയും അധപതനത്തെയും സംബന്ധിച്ചു ചെയ്ത പ്രസ്താവന ഈ സത്യം വെളിപ്പെടുത്തുന്നു. ഗുണ്ടർട്ടിന്റെ 'കേരളപ്പഴമ'യിലെ വിവരണം ആദ്യം ഉദ്ധരിക്കാം ." ഞങ്ങൾ എല്ലാവരും നിങ്ങളുടെ വരവുകൊണ്ട് വളരെ സന്തോഷിച്ചിരിക്കുന്നു. പണ്ട് ഈ രാജ്യത്തെ ഞങ്ങളുടെ വംശത്തിൽ ഒരു തമ്പുരാൻ ( രാജാവ് ) ഉണ്ടായിരുന്നു.അവനു പുരാണ പെരുമാക്കന്മാർ കൊടുത്ത ചെങ്കോലും രാജ്യ പത്രികയും ഇതാ നിങ്ങൾക്കു തരുന്നു.30,000 പേരോളം ഞങ്ങൾ എല്ലാവരും ഒന്നിച്ചിരിക്കുന്നു.ഇനി പോർത്തുഗൽ രാജാവിന് ഞങ്ങളിൽ മേൽക്കോയ്മ ഉണ്ടായിരിക്കെ, അവന്റെ നാമം ചൊല്ലി അല്ലാതെ ഇനി ഒരു കുറ്റക്കാരനെയും ഞങ്ങൾ വിധിക്കുകയില്ല." എന്നുപറഞ്ഞ് ആധാരവും ആ ദെണ്‍ഡും കൊടുത്തു.അതു ചുവന്നും രണ്ടു വെള്ളിവളകളും, ഒരുവളയിൽ മൂന്നു വെള്ളിമണികളും ഉള്ളതും ആകുന്നു. തോമ്മ ശ്മശാനം ( മൈലാപ്പൂർ ),സിംഹളദ്വീപ്, മുതലായ യാത്രാ സ്ഥലങ്ങളെ കുറിച്ച് വളരെ വിശേഷങ്ങളെ അറിയിച്ചു..... " നിങ്ങളെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും, വിശേഷാൽ, മുസൽമാൻമാരുടെ കയ്യിൽനിന്നും ഉദ്ധരിക്കേണ്ടതിനു ദൈവം മേലാൽ സംഗതി വരുത്തും ",എന്നരുളി ഗാമ അവർക്കു സമ്മാനങ്ങളെ കൊടുത്തു വിട്ടയയ്ക്കുകയും ചെയ്തു." 23. ഇംഗ്ലീഷ്ചരിത്രകാരനായ ജെയിംസ് ഹൗഘ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു : " ചെങ്കോലും രാജ പത്രികയും ഞങ്ങളുടെ രാജാവിന് പുരാതന പെരുമാക്കന്മാരാൽ നൽകപ്പെട്ടതാണ് ; ആ രാജാവ് അന്തരിച്ചിട്ട് വളരെ കാലമായിട്ടില്ല.അദ്ദേഹത്തിന്റെ രാജ്യം പെരുമ്പടപ്പ് സ്വരൂപത്തിലേക്ക് ഒതുക്കിയിരിക്കുന്നു........എന്നിങ്ങനെ ഗാമയോട് ഉണർത്തിച്ചു. ഗാമയാകട്ടെ അതുകേട്ടു സന്തോഷിച്ച് , കപ്പലിലെ കൊടികളെല്ലാംഉയർത്തി.പീരങ്കികൾ ധ്വനിപ്പിക്കുകയും കപ്പൽ സന്നാഹത്തിന്റെ അകമ്പടിയോടുകൂടി പോർച്ചുഗൽ രാജാവിന്റെ നാമത്തിൽ അവ സ്വീകരിക്കുകയും ചെയ്തു." 24.പോർച്ചുഗീസ് ഗ്രന്ഥകാരനായ ഗുവേയയും കൊച്ചിരാജ്യത്തിൽ ലയിച്ച ബലിയാർട്ടെ ( വില്ലാർവട്ടം ), എന്ന ക്രിസ്ത്യൻ രാജവംശത്തെപ്പറ്റി, ഏതാണ്ട് ഇതേ തരത്തിലുള്ള വിവരങ്ങലാണ് നല്കുന്നത്.25.
ഉദയംപേരൂർ സുനഹദോസ് പള്ളിയിലെ ജീവിക്കുന്ന ശിലാ ലിഖിതം
ഈ പരമ്പരയുടെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, വില്ലാർവട്ടം രാജാക്കന്മാർ ക്ഷത്രിയർ ആയിരുന്നെന്നും ഒടുവിലത്തെ രാജാവ് ക്രിസ്തു മതത്തിൽ ചേർന്നതിനാൽ കൊച്ചി രാജാവ് അദ്ദേഹത്തെ സ്ഥാന ഭ്രുഷ്ട്ടനാക്കുകയും, ചേന്നമംഗലത്തെ ഈ രാജാവിന്റെ വകയായിരുന്ന സ്ഥലങ്ങൾ പാലിയത്തുകാർക്ക് ഒതുക്കിയെന്നും, ഭ്റുഷ്ടരാജാവ് ഉദയംപേരൂരിൽ പോയി വില്ലാർവട്ടം പുനസ്ഥാപിച്ചു എന്നും പ്രശസ്ത ചരിത്രകാരന്മാരായ അനന്തകൃഷ്ണ അയ്യർ, പുത്തേഴത്തു രാമ മേനോൻ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്നിവരടക്കമുള്ള പലരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.25. ഈ ഭാഷ്യങ്ങളോട് കിടപിടിക്കുന്നതാണ് വില്ലാർവട്ടം സ്വരൂപത്തെ കുറിച്ചുള്ള സുറിയാനി ക്രിസ്ത്യാനികളുടെ, തലമുറകളായി കൈമാറുന്ന, വിശ്വാസവും. അതനുസരിച്ച്, ഉദയമ്പേരൂർ (സൂനഹദോസ്) പള്ളി A.D.510 - ൽ വില്ലാർവട്ടം രാജാവ് പണികഴിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ട്ടം ഉദയംപേരൂർ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിനെ ശരിവയ്ക്കുന്ന ഏതാനും ലിഖിതങ്ങൾ ഉദയംപേരൂർ പള്ളിയിലുണ്ട്. " ചേന്ദോങ്ങലത്തു പാർത്ത വില്ലാർവട്ടം തോമ്മാ രാചാവു നാടു നീങ്ങി 1500 കു ൨ ." എന്നു രേഖപ്പെടുത്തിയിട്ടുള്ള പള്ളിയിലെ സ്മാരക ശില, വില്ലാർവട്ടം തോമ്മാ രാജാവിന്റെതാണെന്നത് സുവിദിതമാണ്. വളരെ ചരിത്ര പ്രാധാന്യമുള്ള ഈ ലിഖിതത്തിലെ വട്ടെഴുത്തു ലിപിക്കും ഭാഷക്കും, ആദ്യകാല രൂപത്തിൽ നിന്നും 17,18, ശതകങ്ങളിൽ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റം സ്പഷ്ട്ടമാണെന്ന് ഡച്ച് ചരിത്രകാരനായ ഗല്ലറ്റീ പ്രസ്താവിക്കുന്നുണ്ട്.26.
ക്രൈസ്തവ രാജാവിനെപ്പറ്റി ലോക സഞ്ചാരികളുടെ വിവരണങ്ങൾ
ഒമ്പതാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഒരു അറേബ്യൻ ലോക സഞ്ചാരി കൊടുങ്ങല്ലൂരിനടുത്ത് ഒരു ക്രിസ്ത്യൻ രാജാവ് (Christian Emir) ഉള്ളതായി പരാമർശിക്കുന്നുണ്ട്.27. പാശ്ചാത്യ ലോക സഞ്ചാരികളായ മാർക്കോ പോളോയും ജോർദാനൂസ് എന്ന മെത്രാനും ഈ രാജാവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 1295 - ൽ മലബാർ സന്ദർശിച്ച മാർക്കോ പോളോ എന്ന വെനീഷ്യൻ സഞ്ചാരി, തന്റെ 'ക്രിസ്ത്യൻ ടോപ്പോഗ്രാഫി' എന്ന ഗ്രന്ഥത്തിൽ ഇവിടത്തെ സിറിയൻ ക്രിസ്ത്യാനികളെയും തോമ്മാ ശ്ലീഹായുടെ ഇന്ത്യയിലെ രക്തസാക്ഷിത്വത്തെ സംബന്ധിച്ച പാരമ്പര്യങ്ങളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. "പള്ളികളുടെ ഭരണം നടത്തുന്ന ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ദൈനംദിന ആവശ്യത്തിനു വേണ്ട വിഭവങ്ങൾ ലഭ്യമാകത്തക്ക വിധം സ്വന്തമായ തോട്ടങ്ങളും വിളകളും ഉണ്ട്. അവയിൽ നിന്നു കിട്ടുന്ന 'അനുഭവങ്ങളിൽ' നിന്ന് പ്രതി മാസവിഹിതം അവരുടെ 'രാജ സഹോദരന്' നികുതിയായി കൊടുക്കുന്നു."28. ഈ പരാമർശങ്ങളിൽ നിന്നും വ്യക്തമാകുന്നത് മാർക്കോ പോളോ ഇന്ത്യയിൽ വന്ന കാലത്ത് ക്രിസ്ത്യാനികൾക്ക് സ്വന്തമായി ഒരു രാജാവുണ്ടായിരുന്നു എന്നും, അദ്ദേഹത്തിന് സമസ്ത ക്രിസ്ത്യാനികളും നികുതി കൊടുത്തിരുന്നു എന്നുമാണ്. രാജ സഹോദരൻ (royal brother) എന്നുപറയുന്നതിന്റെ സാരം, അദ്ദേഹം സ്വന്തം ജാതി യിൽപ്പെട്ട ആളാണെന്നതുമാണ്.
പോപ്പിന്റെ സന്ദേശങ്ങൾ :
ഇത്തരത്തിലുള്ള ഒരു രാജവംശം നിലനിൽക്കുന്നു എന്ന ഖ്യാതിയാണ് , പോപ്പ് യുജീൻ നാലാമൻ,1439-ൽ ക്രിസ്ത്യൻ രാജാവിനായി, താഴെപറയുന്ന സന്ദേശം കൊടുത്തയക്കാൻ കാരണമായത് : " ഭാരതീയരുടെ ചക്രവർത്തിയും മിശിഹായിൽ നമ്മുടെ സ്നിഗ്ദ്ധ പുത്രനുമായ തോമ്മാ രാജാവിന് സ്വസ്തിയും ആശിർവാദവും. നിങ്ങളും നിങ്ങളുടെ രാജ്യത്തെ പ്രജകളും സത്യക്രിസ്ത്യാനികൾ ആണെന്നുള്ള അറിവ് നമ്മുടെ സമക്ഷം എത്തിയിട്ടുണ്ട്” 29. നസ്രാണി രാജാവിനെ കുറിച്ച് അടുത്ത പരാമർശം നടത്തുന്നത് പറങ്കികൾക്കു മുമ്പ് ഇന്ത്യയിൽവന്ന, ലത്തീൻ (ഡൊമിനിക്കൻ) മിഷനറി ബിഷപ്പായ ജോർഡാനൂസാണ്.പോപ്പ് ജോണ്‍ പന്ത്രണ്ടാമൻ അവിഞ്ഞോണിൽ വച്ച് (അക്കാലത്തു റോമ്മാ സിംഹാസനം, അഭ്യന്തര യുദ്ധം നിമിത്തം, കുറേ വർഷങ്ങൾ, ഫ്രാൻസിലെ അവിഞ്ഞോണിലാണ് പ്രവർത്തിച്ചിരുന്നത്), കൊല്ലത്തെ ലത്തീൻ (കത്തോലിക്ക) രൂപതയുടെ മെത്രാനായി നിയമിച്ച്, 1330 - ൽ ഇന്ത്യയിലേക്കയച്ച അദ്ദേഹം, മാർപ്പാപ്പയിൽ നിന്ന് രണ്ടു കത്തുകൾ കൊണ്ടുവന്നിരുന്നു. അവയിലൊന്ന് കൊല്ലത്തെ നസ്രാണി-ക്രിസ്ത്യാനികളുടെ തലവനായ രാജാവിനുള്ളതായിരുന്നു. ആ കത്തിന്റെ ആരംഭം ഇങ്ങനെയാണ്: "നസ്രാണികളുടെ അധിപതിയായ രാജാവിന്റെയും അദ്ധേഹത്തിന്റെ കീഴിൽ കൊല്ലത്തുള്ള സകല നസ്രാണികളുടെയും സംരക്ഷണത്തിനായി മെത്രാൻ പദവിയിലേക്ക് നമ്മാൽ ഉയരത്തപ്പെട്ടവനും, ഡൊമിനിക്കൻ സന്ന്യാസിയും വന്ദ്യ സഹോദരനും മെത്രാനുമായ ജോർഡാൻ കത്തലാനിയെ നാം ഭരമേൽപ്പിക്കുന്നു." ഇതേപ്പറ്റി പ്രശസ്ത സഭാചരിത്രകാരനായ ബർനാർദ് തോമ്മാ പറയുന്നത് ഇപ്രകാരമാണ് : പതിനാലാം നൂറ്റാണ്ടിൽ സിംഹാസനാരൂഡനായിരുന്ന ക്രിസ്ത്യൻ രാജാവിനെ ജോർഡാനൂസ് സന്ദർശിക്കുകയും ആ വിവരം പോപ്പ് ജോണ്‍ പന്ത്രണ്ടാമനെ അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു മാർപ്പാപ്പ രാജാവിനു കൈമാറാനായി മേൽപ്പറഞ്ഞ കത്ത് കൊടുത്തയച്ചത്. തിരുവെഴുത്തിലെ താൽപ്പര്യ പ്രകാരം രാജാവ് അദ്ദേഹത്തിനു വേണ്ട സഹായം നൽകുകയുണ്ടായി.30. (ജോർദാനൂസ് കൊല്ലത്തു വരുമ്പോൾ , തോമ്മാ ശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നതും ബാബിലോണിലെ പൌരസ്ത്യ (കൽദായ സുറിയാനി ) പാത്രിയർക്കേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതുമായ ക്രിസ്ത്യാനി കളെയാണ് അവിടെ കണ്ടത്. അവർക്ക് റോമൻ സഭയുമായി, നേരിട്ടു ബന്ധമില്ലായിരുന്നു.).
സാഹചര്യ തെളിവുകൾ :
ഉദയമ്പേരൂരിലെ കോലോത്തുംവെളി എന്ന സ്ഥലത്തായിരുന്നു രാജാവിന്റെ കോവിലകം സ്ഥിതി ചെയ്തിരുന്നത്.ഇവിടെയാണ് നമ്മുടെ ഇപ്പോഴത്തെ ഗവ:വിജ്ഞാനോദയം ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത് കൂടാതെ വലിയകുളം എന്നത് കോലോത്തുകുളം എന്നാണു അറിയപ്പെട്ടിരുന്നത്.ഈ കുളവും അതിനോട് ചേര്ന്നുള്ള പറമ്പുകളും ഈ വില്ലാർവട്ടം രാജകുടുംബത്തിന്റെതായിരുന്നത്രെ . 1012-വരെ കരമൊഴിവായിരുന്ന, ഉദയമ്പേരൂർ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലവും നസ്രാണി രാജാവിന്റെ ദാനമാണത്രെ. പള്ളിനിർമ്മിച്ചതും അദ്ദേഹമാണെന്നാണ് പാരമ്പര്യം.ക്രിസ്തീയ രാജ്യമായ ഉദയമ്പേരൂർ (വില്ലാർ വട്ടം), കൊച്ചി രാജവംശത്തിൽ ലയിക്കുക നിമിത്തമത്രേ, ഗോവ ലത്തീൻ ആർച് ബിഷപ്പ് മെനെസ്സിസ്, താൻ വിളിച്ചുകൂട്ടാനിരിക്കുന്ന സൂനഹദോസ്സിൽ സംബന്ധിക്കുന്നതിനായി സുറിയാനി ക്രിസ്ത്യാനികളെ നിർബന്ധിപ്പിക്കണമെന്ന്, 1599-ൽ കൊച്ചി രാജാവിനെക്കൊണ്ട് ആവശ്യപ്പെട്ടത്.സൂനഹദോസിന്റെ വേദിയായി ഉദയം പേരൂർ തിരഞ്ഞെടുത്തതും ഇക്കാരണം കൊണ്ടു തന്നെ. ഈ രാജകുടുംബത്തിന്റെ ആദ്യ ആസ്ഥാനം കൊടുങ്ങല്ലൂരിനു തെക്ക് ചേന്ദമംഗലം ആയിരുന്നുവെന്നും, മുസ്ലിങ്ങളുടെ ശല്യം മൂലം ഉദയംപേരൂർക്ക് മാറ്റിയതാണെന്നും സൂചനകളുണ്ട്.ഈ വിഷയത്തെപ്പറ്റിയുള്ള നസ്രാണി പാരമ്പര്യം ഇങ്ങനെയാണ് : ചേര രാജാക്കന്മാരുടെ പതനം വരെ, മാർത്തോമ്മാ ക്രിസ്ത്യാനികൾ ചേര രാജാക്കന്മാരുടെ കീഴിലായിരുന്നു; അതിനു ശേഷം വിവിധ നാട്ടു രാജാക്കളുടെ ഭരണത്തിലും. വില്ലാർ വട്ടം സ്വരൂപം, ഇപ്രകാരം രൂപംകൊണ്ട ഒരു സാമന്ത , സ്വതന്ത്ര രാജവംശം ആയിരുന്നിരിക്കാം. അറബികളുടെ ആക്രമണം മൂലം നസ്രാണികളും ജ്യൂതന്മാരും കൊടുങ്ങല്ലൂർ വിട്ടു മറ്റു പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു. സ്ത്രീകൾക്കുനേരെ നടന്ന അതിക്രമങ്ങളെ അനുസ്മരിച്, എട്ടുനോമ്പാ ചരണം എന്ന വ്രതം തുടങ്ങിയത് ഇക്കാലത്താണ്. കുടമാളൂർ പള്ളിയിലെ ' മഹാദേവർ പട്ടണം മുത്തൽ' ഈ സംഭവം അടിസ്ഥാന മാക്കിയുള്ള ആചാരമാണത്രേ.31. സഭാ ചരിത്രകാരനായ ബർണാർഡു തോമ്മ, പറയുന്നത്: " ഒമ്പതാം ശതവൽസരതിൽ യഹൂദന്മാരും മുഹമ്മദീയരും തമ്മിൽ കലഹിക്കുവാൻ സംഗതിയായി.ഈ സന്ദർഭത്തിൽ, ക്രിസ്ത്യാനികൾ യഹൂദരുടെ പക്ഷതുചേർന്നു......യുദ്ധത്തിൽ കൊടുങ്ങല്ലൂരും, ക്രിസ്ത്യാനികളുടെ കേന്ദ്രഭൂമിയായ മഹാദേവർപട്ടണത്തെ വിധ്വംസനം ചെയ്യുകയും ചെയ്തു..... ചിലർ കൊടുങ്ങല്ലൂരിൽത്തന്നെ താമസിച്ചു ...ഭൂരിപക്ഷം ആ സ്ഥലം വിട്ടുപോയി. ആലങ്ങാട്ടു രാജാവിനെ സമാശ്രയിക്കുകയും അങ്കമാലിയിൽ ഒരു പള്ളിയും പട്ടണവും സ്ഥാപിക്കുകയും ചെയ്തു.." 32. യഹൂദന്മാരുടെ സഹായത്തിനു ചെന്ന ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ വില്ലാർവട്ടം സ്വരൂപത്തിലെ ചില കൊച്ചു തമ്പുരാക്കന്മാരും ഉണ്ടായിരുന്നു.യുദ്ധത്തിൽ അറബികൾ ഇവരിൽ രണ്ടുപേരെ വധിച്ചു. ശവം ദാഹിപ്പിക്കുകയും ചെയ്തു. എന്നുള്ള ഐതിഹ്യത്തിൽ കഴമ്പുന്ടെന്നാണ് പ്രശസ്ത ഗ്രന്ഥ കാരനായ വൈറ്റ് ഹൗസ് , പ്രസ്താവിക്കുന്നത്.33. ആസ്ഥാനം ഉദയംപേരൂർക്കു മാറ്റിയതു ഈ സാഹചര്യത്തിലാണ്. ഇത്, ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആണെന്നാണ്, ചരിത്രകാരന്മാരുടെ പൊതുവിലുള്ള നിഗമനം. ഈ വിഷയത്തെ പരാമർശിക്കുന്ന പ്രശസ്ഥ ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനുമായ എൽ.കെ . അനന്തകൃഷ്ണ അയ്യരുടെ വാക്കുകൾ സമകാലീന ശ്രോദസ്സുകളിൽ നിന്നുള്ള വിവരങ്ങളുടെ ആകത്തുകയാണ്. വില്ലാർവട്ടം സ്വരൂപം, അജ്ഞാത കാരണങ്ങളാൽ ചേന്ദമംഗലം വിട്ടൊഴിഞ്ഞു വാണിജ്യ കേന്ദ്രമായ ഉദയംപേരൂരിൽ വരികയും ആസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ആ രാജ്യം, പിന്തുടർച്ചാവകാശിയില്ലാതെ, പരമ്പരയിലെ അവസാനത്തെ രാജാവ് നാടുനീങ്ങുന്നതു വരെ നിലനിന്നു.അചിരേണ, രാജ്യം കൊച്ചിരാജ്യത്തിൽ ലയിക്കുകയും ചെയ്തു.( " One other interesting point connected with the early history of Syrian Christians, is that they still cherish the tradition of having attained to the dignity of possessing a king of their own at Villarvattam, near Udayamperoor and that at the death of the last king without issue, the kingdom lapsed to the Cochin Royal Family. Ever since that time the Christians of St.Thomas have been loyal subjects to the rulers of Cochin and Travancore. Who, the rulers are and how long the kingdom lasted, it is not possible to say. When the Portuguese landed in India, the Syrians their conquests and their zeal for propagation of their faith, desired to make alliance with them with many of the demonstrations of fidelity , the red-staff mounted in gold and three silver bells of their last Christian ruler, as marks of submission of them. But as they received from them no compensation, they continued the old form of government and lived in great union, scattered as they lived in distant communities all over the land” 34. ). എന്നാൽ ഈ സമസ്യാ പൂരണത്തിനുതകുന്ന, പരോക്ഷമെങ്കിലും ശക്തമായ രേഖാപരമായ ( epigraph ) തെളിവ് ,തോമ്മാ എന്നു പേരുള്ള വില്ലാർവട്ടം രാജാവിന്റെ മരണത്തെക്കുറിച്ച് , ഉദയംപേരൂർ പള്ളിയിൽ കാണുന്ന ശിലാ ലിഖിതം തന്നെയാണ്. (ഈ ലിഖിതത്തിന്റെ ആധികാരികതയെ ക്കുറിച്ച് ഡച്ച് ഗ്രന്ഥകാരനായ ഗല്ലറ്റിയുടെ അഭിപ്രായം മുൻ ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട് .( Gallettee : The Dutch in Malabar, p.174. )
പഴയ കാല ഗ്രന്ഥകാരനായ ശ്രീ. വി .കെ .ജോസഫ് മാപ്പിള, തന്റെ ഗവേഷണ ഫലമായി, ഉദയംപേരൂർ പള്ളിയിൽ നിന്നും കണ്ടെടുത്ത ഈ ലിഖിതത്തിൽ, " ചെനൊങ്ങലത്തു പാർത്ത വില്ലിയാർവട്ടം തോമ്മാ രാചാവു നാടു നീങ്ങി . 1500 ക ൨ -നു " എന്ന് ഉല്ലേഖനം ചെയ്തിരിക്കുന്നു. " ഇതിലെ വട്ടെഴുത്തു ലിപികൾ, പഴയകാലത്ത്, ഈ നാട്ടിൽ നടപ്പായിരുന്ന 'നാനം മോനം' ആണ്. ചെനൊങ്ങലത്ത്' എന്നത് ചേന്ദമംഗലത്തു' എന്നതിന്റെ രൂപാന്തരം ആകുന്നു.....ഇതിലെ ആണ്ട് ക്രിസ്തു വർഷവും 'ക' എന്നത് ൧ അതായത് ഒന്നാം മാസവും ആകുന്നു.ഒന്നാം മാസം ജനുവരിയുമാണല്ലോ".35. ( ഇതു 9th ( day) of the 2nd ( month ),of ( year ) 1701 - ആയിട്ടാണ് Travancore Archaeological Series - ൽ തർജ്ജമ ചെയ്തു കാണുന്നത്. എന്നാൽ 1500 -റാം ആണ്ട് ,ജനുവരി 2 -എന്ന വ്യാഖ്യാനമാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത്.)
തോമാ രാജാവിനു ശേഷം :
വില്ലാർവട്ടം തോമാ രാജാവിന്റെ മരണത്തെ തുടർന്നുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുവാൻ , മത-നിരപേക്ഷ രേഖകളെയും ശ്രോതസ്സു കളേയും മാത്രം ആശ്രയിക്കുന്നത് നിഷ്പ്രയോജനകരമാണെന്നതിനാൽ ചില സാഹിത്യ കൃതികളെയും ക്രിസ്ത്യൻ പാരമ്പര്യത്തെയും പുരാവൃത്തങ്ങളെയും ഇതിലേക്ക് ഉപയോഗപ്പെടുത്തുകയാണ്. ( കൂടാതെ, ആ കൃതികളുടെ യഥാതഥ രൂപം , ഭാവി ചരിത്രകാരന്മാരേയും സത്യാന്വേഷികളേയും ഉദ്ദേശിച്ച്, അനുബന്ധമായി ചേർക്കുന്നുണ്ട്. ) ശ്രീ . സി . പി . തോമസ്സിന്റെ ഒരുലേഖനം ഉദ്ദരിച്ചുകൊണ്ട്, എം .ഒ .ജോസഫ് നെടുങ്കുന്നം പറയുന്നത് ഇങ്ങനെ: തോമാ രാജാവിന്റെ ജ്യേഷ്ഠ സഹോദരനായ യാക്കോബ് രാജാവാണ് മുറപ്രകാരം വില്ലാർവട്ടം രാജാവായി ഉദയംപേരൂർ വാണിരുന്നത്. അക്കാലത്ത്, അനുജനായ തോമ്മാ, രാജകുടുംബത്തിന്റെ പൂർവിക സ്ഥാനമായ ചേന്ദ മംഗലത്തു താമസിക്കുകയായിരുന്നു. ജ്യേഷ്ഠനായ യാക്കോബ് രാജാവ് പെട്ടെന്ന് നിര്യാതനാവുകയും ഏക സന്താനമായിരുന്ന രാജകുമാരി കേവലം ഒരു ബാലിക മാത്രമായിരിക്കുകയും ചെയ്യുകയാൽ, രാജകുടുംബത്തിൽ അവശേഷിച്ച ഏക പുരുഷനായ തോമ്മാ രാജാവ്, അനാഥമായിത്തീർന്ന രാജ്യത്തിന്റെ ഭരണ ഭാരമേറ്റു.1500 ജനുവരി രണ്ടാം തീയതി, തോമ്മാ രാജാവു നിര്യാതനാകുമ്പോൾ, രാജകുടുംബത്തിൽ ഈ കുമാരി മാത്രമേ അവശേഷിച്ചിരുന്നുള്ളൂ എന്നു കാണുന്നതിനാൽ , തോമ്മാ രാജാവ്, അവിവാഹിതനോ അനപത്യനോ ആയിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അനാഥമായിത്തീർന്ന കുടുംബത്തിന്റെ എകാവലംബമായിരുന്ന ഈ രാജകുമാരിയുടെ പേര്,മറിയം എന്നായിരുന്നു. ഈ വില്ലാർവട്ടം രാജകുമാരിക്ക് കൃപാവതി എന്നുകൂടി പേരുണ്ടായിരുന്നു…….36.
തുടർന്നുണ്ടായ സംഭവങ്ങൾ, അദ്ദേഹം താഴെ പറയും വിധം വിവരിക്കുന്നു : തോമ്മാ രാജാവ് നിര്യാതന്നാകുന്നതിനു മുമ്പ്, ജനങ്ങളുടെ ആലോചനയോടും സമ്മതത്തോടും കൂടി, ഉദയംപേരൂർ തന്നെ ഉണ്ടായിരുന്ന, കുരൂർ സ്വരൂപത്തിൽ പെട്ട രാമവർമ്മ എന്ന രാജകുമാരനെ ദത്തെടുക്കുകയും, എമ്മാനുവൽ എന്ന പേരോടുകൂടി ക്രിസ്തു മതം സ്വീകരിച്ച അദ്ദേഹത്തെക്കൊണ്ട് മറിയം രാജകുമാരിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു…. തോമ്മാ രാജാവിന്റെ നിര്യാണശേഷം, ദത്തെടുക്കപ്പെട്ട എമ്മാനുവൽ രാജാവ് ക്രിസ്ത്യാനികളുടെ പ്രഭുവായി, വില്ലാർവട്ടം സിംഹാസനത്തെ ആരോഹണം ചെയ്തു....... തന്റെ കുടുംബത്തിലെ ഒരംഗത്തിന്റെ, മതാന്തര സ്വീകരണം ഏതാണ്ടൊരു അപമാനകാര്യമായി കരുതിയിരുന്ന പെരുമ്പടപ്പു മൂപ്പീന്ന്, കണ്ണേജപന്മാരുടെ ഏഷണികൾക്ക് വശംവദനായിത്തീർന്നു.പെരുമ്പടപ്പു തമ്പുരാന്റെ മന്ത്രി സ്ഥാനം വഹിച്ചിരുന്ന പാലിയത്തച്ചന്റെ ഗൂഡാലോചനകൾക്കും ഏഷണികൾക്കും വശംവദനായ മാടഭൂപതി, എമ്മാനുവൽ രാജാവിനെ നയത്തിൽ കൊച്ചിയിലേക്ക് ക്ഷണിച്ചുവരുത്തി. ……....അമ്മാവനായ മാടഭൂപതിയുടെ ക്ഷണത്തെ നിരസിക്കുവാനോ ധിക്കരിക്കുവാനോ എമ്മാനുവൽ രാജാവ് ശക്തനായില്ല. അമ്മാവന്റെ ക്ഷണത്തിനു പിന്നിൽ എന്തെങ്കിലും വഞ്ചനയോ ദുരുദ്ദെശമോ ഉണ്ടായിരിക്കുമെന്നു ശങ്കിക്കുന്നതിനു കാരണവും ഇല്ലായിരുന്നു.അതിനാൽ സൗഹാർദ്ദ പൂർണ്ണമായ ക്ഷണത്തെ സമാദരിച്ച്, എമ്മാനുവൽ കൊച്ചിയിലെത്തി. യാതൊരു മുൻകരുതലും കൂടാതെ വന്നു ചേർന്ന ആ രാജകുമാരനെ, പെരുമ്പടപ്പ് പാദഷമാർ സൂത്രത്തിൽ പിടിച്ചു ബന്ധനസ്തനാക്കുകയാണു ചെയ്തത്..... അവിടെ നിന്ന് എങ്ങനെയോ രക്ഷ പ്രാപിച്ച രാജകുമാരൻ, തന്നോടു ചെയ്ത അക്രമത്തിനു, വീരോചിതമായ പരിഹാരമുണ്ടാക്കിയ ശേഷമേ, രാജധാനിയിൽ കാലു കുത്തൂ എന്ന ദൃഡ പ്രത്ജ്ഞയോട് കൂടി കൊച്ചിയിൽ നിന്നും ദക്ഷിണ ദിക്കിലേക്കു പോയി. 37. സഭാചരിത്രകാരനായ പള്ളിവീട്ടിൽ കുരിയനും ഏതാണ്ട് ഇതേ വിവരണങ്ങളാണ് നൽകുന്നതെങ്കിലും, താഴെക്കാണുന്ന വിശദവിവരങ്ങളുംകൂടിഉൾപ്പെടുത്തിയിട്ടുണ്ട്:
മേൽപ്പറഞ്ഞ പ്രകാരം ക്രിസ്ത്യാനി രാജ്യവും, രാജാംശവും കൊച്ചി രാജാവിന് അവകാശപ്പെട്ടതു കൊണ്ട്, തോമ്മാ നസ്രാണികൾ കൊച്ചി രാജാവിന്റെ പ്രത്യേക സേവകരായി ഭവിക്കുകയും തോമ്മാ നസ്രാണികളായ 64 ഇല്ലക്കാരുടെയും കാര്യാന്വേഷണം കൊച്ചി ഇളയ രാജാവ് നടത്തി വരികയും ചെയ്തിരുന്നു.... രാജ്യം കൊച്ചിരാജ്യത്തിൽ ഒതുക്കിയതുകൊണ്ട്, തോമ്മാ നസ്രാണികളുടെ പള്ളികൾക്കും വൈദികർക്കും പ്രത്യേകം ദ്രവ്യ സഹായവും മറ്റും ചെയ്യുന്നതിന് അദ്ദേഹം നിര്ബന്ധിതനായി എന്നതിന് യാതൊരു സന്ദേഹവുമില്ലല്ലോ . 38. ഏതൽ വിഷയകമായ സമകാലിക രേഖകളേയും പുരാവൃത്തങ്ങളേയും വിലയിരുത്തിക്കൊണ്ട്, പ്രശസ്ത ചരിത്രകാരനായ ബർണാർഡു തോമ്മാ താഴേക്കാണുന്ന നിഗമനങ്ങളിൽ എത്തിച്ചേരുന്നു. " നസ്രാണികളുടെ രാജ്യം നാമാവശേഷമായി തീർന്നിട്ട്, അധികകാലം ആയില്ലെന്നും, ആ രാജ്യം പെരുംബടപ്പിൽ ലയിച്ചുപോയീ എന്നുമുള്ള ( ഗാമക്കു കൊടുത്ത നിവേദനത്തിലെ ) സംഗതിയിൽ നിന്നു, നമുക്കു മനസ്സിലാക്കാനുള്ളത്, പറങ്കികൾ കേരളത്തിൽ എത്തിച്ചേരുന്നതിന് കുറേക്കാലം മുമ്പുവരെ, ആരാജ്യം നിലനിന്നിരുന്നുവെന്നും, രാജവംശം അന്യം നിൽക്കുകയാൽ പെരുമ്പടപ്പ് അതിനെ കൈവശപ്പെടുത്തി എന്നുമാണ്........ഉദയംപെരൂരിലെ ക്രിസ്തീയ രാജവംശത്തിൽ പുരുഷ സന്താനത്തിന്റെ രാഹിത്യം ഹേതുവായിട്ടു പുത്ര സ്വീകരണം ചെയ്യപ്പെട്ടിരുന്ന ക്രിസ്തുമതാനുസാരിയായ രാജകുമാരൻ പിന്നീട് ഹിന്ദു മതത്തെ അവലംബിക്കുക നിമിത്തം, ഉദയംപേരൂർ രാജ്യം ഹൈന്ദവ ഭൂപാലന്മാരുടെ അധീനതയിലാവുകയും അനന്തരം പെരുമ്പടപ്പിൽ ലയിക്കുകയും ചെയ്തു ." 39 . ( ഇതിൽ, വീണ്ടും ഹിന്ദു മതത്തിലേക്ക് തിരിച്ചുപോയി എന്ന സൂചന മാത്രം വസ്തുതാപരമായി ശരിയല്ല.) തുടർന്നുള്ള ഭാഗങ്ങൾ പൂരിപ്പിക്കുവാൻ പണ്ഡിതനും ഗവേഷകനുമായിരുന്ന വി .കെ .ജോസഫ് മാപ്പിളയുടെ പഠനങ്ങളെത്തന്നെ നമുക്കാശ്രയിക്കാം: ഉദയംപേരൂരിൽ, പണ്ട് 'കുരൂർ' എന്നുപേരുള്ള ഒരു മന ഉണ്ടായിരുന്നു. കൊച്ചി രാജവംശത്തിലെ ഒരു നമ്പൂതിരിയെ, കുരൂർ നമ്പൂതിരി തൃത്താലി ചാർത്തിയിരുന്നു. ആ നമ്പൂതിരിക്ക്, ഉദയംപേരൂരും പാഴൂരും മറ്റുമായി ഒട്ടുവളരെ വസ്തു വകകളും ഇല്ലങ്ങളും മഠങ്ങളും ഉണ്ടായിരുന്നു. ഈ നമ്പൂതിരി, അദ്ദേഹത്തിന്റെ പുത്രനായ പെരുമ്പടപ്പിലെ ഒരു കേരളവർമ്മ ( രാമവർമ്മ എന്നാണ് ചില ലിഖിതങ്ങളിൽ കാണുന്നത് ), രാജകുമാരൻ, തന്റെ വകയായി ഉദയമ്പേരൂരിൽ ഉണ്ടായിരുന്ന ഏതാനും വസ്തുക്കളും ഗൃഹങ്ങളും ദാനമായി കൊടുക്കുകയുണ്ടായി. അന്നുമുതൽക്ക്, കൊച്ചിയിലെ ആ കൊച്ചുതമ്പുരാനും തമ്പുരാട്ടിയും ഉദയംപേരൂരിൽ താമസം തുടങ്ങി.അക്കാലം തൊട്ട്, പെരുമ്പടപ്പു സ്വരൂപത്തിന്, കുരൂർ സ്വരൂപം എന്നുകൂടി ഒരു പേർ സിദ്ദിച്ചു. പ്രസ്‌തുത സ്വരൂപം വക മഠം ഇരുന്ന സ്ഥലം ഇപ്പോൾ ഒരു നസ്രാണിയുടെ കൈവശത്തിലാണ്.ഇന്നും ആ സ്ഥലത്തിന് മഠം എന്നാണ് പേരുപറഞ്ഞു വരുന്നത്.അവിടെ ഉണ്ടായിരുന്ന കാട്ടിൽ നിന്നും, സ്വർണ്ണം കൊണ്ടുള്ള ഒരുവലിയ സർപ്പപ്രതിമ, അധികനാൾ മുമ്പ്, മേൽപ്പറഞ്ഞ ക്രിസ്ത്യാനിക്കു കിട്ടി.അയാൾ അത്,കണ്ടനാടു കത്തോലിക്കാ സുറിയാനി പള്ളിക്കു ദാനം ചെയ്തു.......... തോമ്മാ രാജാവിന്റെ മരണശേഷം , ദത്തെടുത്ത രാജകുമാരൻ, രാജാവായി വാണു. ഈ സന്ദർഭത്തിൽ പെരുമ്പടപ്പിലേയും മന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാർ പുതിയ രാജാവിനെ ഹിന്ദു മതത്തിലേക്ക് ക്ഷണിച്ചുകൊണ്ടു പോകുകയും, കപടോപദേശം കൊടുത്ത് അവർ അദ്ദേഹത്തെ ലങ്കയിലേക്കയച്ചു ബന്ധിക്കുകയും ചെയ്തു. വില്ലാർവട്ടം രാജാവിന്റെ ഗമനം മതപ്രസംഗത്തിനാണെന്ന് ക്രിസ്ത്യൻ പ്രമാണിമാരോടും, ഭ്രുഷ്ടുനിമിത്തമുള്ള നാടുകടത്തലാണെന്ന് ഹിന്ദു പ്രമാണിമാരോടും അച്ചന്മാർ പറഞ്ഞിരുന്നു. ഇതു വാസ്തവമെന്നു വിശ്വസിക്കാനാണ് വളരെ എളുപ്പമുള്ളതു. അല്ലെങ്കിൽ, വില്ലാർവട്ടം രാജാവിന്റെ രാജ്യവും മറ്റും ഒരു ക്രിസ്ത്യാനിക്കോ ഉദയമ്പേരൂർ പള്ളിക്കോ ലഭിക്കുമായിരുന്നു. എന്നിങ്ങനെ അധിനിവേശ കാല വിദേശ ചരിത്രകാരനായ തോമസ് വൈറ്റ്ഹൗസ്, അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ അഭിപ്രായപ്പെടുന്നു 40. ഭർതൃവിരഹം നിമിത്തമുണ്ടായ വ്യാധിയിൽ മേരി രാജ്ഞി മരണമടഞ്ഞു.... . അനന്തരം നസ്രാണി രാജ്യം അവകാശ വഴിക്ക് പെരുമ്പടപ്പിൽ ലയിച്ചു . അന്നുമുതലാണ്, കൊച്ചി രാജാവ് 64 ഇല്ലക്കാരായ നസ്രാണികളുടെ നേതൃത്വം വഹിക്കാൻ തുടങ്ങിയത്. പാലിയത്തച്ചനു ഈ സൂത്രം മൂലം, വില്ലാർവട്ടം രാജാവിന്റെ വകയായി ചേന്ദമംഗലത്തുണ്ടായിരുന്ന കുറെ സ്ഥലങ്ങൾ, കൊച്ചിരാജാവിൽ നിന്നു ലഭിച്ചു.41.. മേൽപ്പറഞ്ഞ വിവരങ്ങളുടെ വിശ്വാസ്യത വെളിപ്പെടുത്തുന്നതാണ്, വില്ലാർവട്ടത്തെ ദത്തിനെപ്പറ്റി പെരുമ്പടപ്പ് ഗ്രന്ഥ വരിയിൽ കാണുന്നത് : .....എളയ താവഴി പിന്നെയും വർദ്ധിച്ചു. വില്യാർവട്ടത്തു സ്വരൂപമായിട്ടും, കുരു സ്വരൂപമായിട്ടും, ദത്തുകൾ പൂകയും, പറങ്കിയെ കൊച്ചിയിൽ രക്ഷിക്കുകയും ചെയ്തു . ( ...Elaya Thavazhi had to resort to adoptions from Villarvattat Swarupam and Kuru Swarupam. This Swarupam also protected the Portuguese in Cochin.) 42. ഗ്രന്ഥവരിയിലെ ഈ പ്രസ്താവനയെ ആധാരമാക്കി ശ്രീ. ജോസഫ് മാപ്പിളയുടെ നിഗമനം ഇപ്രകാരമാണ് : " വില്ലാർവട്ടം സ്വരൂപവും കുരു സ്വരൂപവും ഹിന്ദുക്കളായിരുന്നെങ്കിൽ ' ദത്തു പൂകി പറങ്കിയെ രക്ഷിച്ചു' എന്നു പറവാൻ ന്യായം എന്ത്? ഒന്നുകിൽ കുരു സ്വരൂപം അല്ലെങ്കിൽ വില്ലാർവട്ടം സ്വരൂപം, രണ്ടിലൊന്ന് നിശ്ചയമായും ക്രിസ്ത്യാനിയായിരുന്നു എന്ന് വിചാരിക്കണം. അല്ലാതെ 'പറങ്കിക്കു രക്ഷ'യുണ്ടാകാൻ പാടില്ല." 43 വില്ലാർവട്ടം സ്വരൂപത്തിന്റെ പിന്നീടുള്ള അവസ്ഥയെപ്പറ്റി ഗാസ്പർ കൊറയാ ( Gasper Correa ), എന്ന പോര്ച്ചുഗീസ് ഗ്രന്ഥകാരനെ ഉദ്ധരിച്ചു 'കൊച്ചിൻ സ്റ്റേറ്റ് മാന്വ'ലിൽ ഇങ്ങനെ പറയുന്നു :" വംശ വിച്ചേദം വന്ന വില്ലാർവട്ടം രാജസ്വരൂപത്തിലെ സ്വത്തുക്കളും രാജ്യങ്ങളും പേരുമ്പടപ്പിലേക്ക് ഒതുങ്ങി. ആ വംശ വിച്ചേദത്തിനു പ്രധാന സൂത്രധാരകത്വം പാലിയത്തച്ചനു തന്നെ, ആ രാജവംശത്തിന്റെ മൂലസ്ഥാനമായിരുന്ന ചെന്ദമംഗലം കിട്ടി. അങ്ങനെ പാലിയത്തച്ചന്മാർ, ചേന്ദമംഗലം ദ്വീപിന്റെ മുഴുവൻ ജന്മിയായി." 44. " വില്ലാർവട്ടത്തെ വസ്തുക്കളിൽ അധികഭാഗവും ഇപ്പോൾ പാലിയത്തച്ചന്റെ കൈവശമാണ് .......ഉദയംപേരൂരുണ്ടായിരുന്ന വസ്തുക്കൾ കുറേ ഭാഗം പടുതോൾ മനയ്ക്കലെ നമ്പുതിരി ഇല്ലത്തിന്റെ ഒരു ശാഖയായ കോട്ടൂർ നസ്രാണിക്കും ലഭിച്ചു. ബാക്കി ഭാഗങ്ങൾ കൊച്ചിക്കടങ്ങി ".45. വില്ലാർവട്ടം രാജാവിന്റെ തിരോധാനം , മേരി രാജ്ഞി യുടെ മരണം തുടങ്ങിയവ, നടന്ന വർഷം ഏതാണെന്നും മറ്റുമുള്ള വിവരങ്ങൾ ലഭ്യമല്ല. വാസ്കോ ഡ ഗാമ കൊച്ചിയിൽ വന്നതിനും, കൊടുങ്ങല്ലൂർ ക്രിസ്ത്യാനികൾ അദ്ദേഹത്തെ കണ്ടു നിവേദനം സമർപ്പിച്ചതിനും രേഖകളുണ്ട്. ഗാമ വന്നത് 1502 - നവംബർ 7-നും തിരിച്ചുപോയത് ഡിസംബർ 8 -നുമാണ് .തോമ്മാ രാജാവ് 1500 ജനുവരിയിൽ നാടുനീങ്ങിയാതായിട്ടാണല്ലോ ശിലാരേഖ വ്യക്തമാക്കുന്നത്. കൂടാതെ,ഉദയമ്പേരൂരിലുള്ള ക്രിസ്ത്യൻ രാജകൊട്ടാരത്തെ കുറിച്ചു, മത ചരിത്രകാരനായ മാക്സി മില്യൻ മുൾ ബോറിന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അതിൻ പ്രകാരം,1500 ഏപ്രിൽ മാസത്തിൽ, കബ്രാളിനോടൊപ്പം കേരളത്തിലെത്തിയ , 8 ഫ്രാൻസിസ്ക്കൻ സന്യാസികളിൽ ഒരാളായ , ലൂയീസ് ഡി സാൽവദോർ ,ആദ്യം കണ്ണൂരിലും പിന്നീട് ഉദയമ്പേരൂർ രാജാവിന്റെ കൊട്ടാരത്തിലും ( at the courts ) താമസിച്ചു. അതിനു ശേഷം മാർത്തോമ്മായുടെ ശവകുടീരം സന്ദർശിക്കുന്നതിനായി മൈലാപ്പൂരിലേക്കു പോയി. 46. ഇതിൽ നിന്ന്, ചരിത്രകാരനായ ശ്രീ. എം .ഒ . ജോസഫ്, എത്തിച്ചേരുന്ന നിഗമനം , ലുയിസ് ഡി സാൽവഡോർ, ഉദയംമ്പേരൂരിൽ താമസിച്ചിരുന്ന 1500 - ൽ, വില്ലാർവട്ടം രാജ്ഞി ജീവിച്ചിരുന്നു എന്നുവേണം വിചാരിക്കുവാൻ. ജീവിച്ചിരുന്നില്ലെങ്കിൽ തന്നെ, പാതിരിക്കു കൊട്ടാരത്തിൽ താമസ്സിക്കത്തക്കവണ്ണം, അതു അപ്പോഴും ക്രിസ്ത്യാനികളുടെ പരിപൂർണ്ണ കൈവശത്തിൽ തന്നെ സ്ഥിതി ചെയ്തിരുന്നു .ആകയാൽ 1500 - നും 1502 - നും ഇടയ്ക്കാണ്, രാജ്ഞി കഥാവശേഷയായതെന്നും, രാജ്യം അന്യം നിന്നതെന്നും, ഒരുവിധം സൂഷ്മതയോടു കൂടിത്തന്നെ സമ്മതിക്കേണ്ടിയിരിക്കുന്നു.47.
JOMON JOSEPH
അടിക്കുറിപ്പുകൾ : Foot Notes :
6 - എം.ജി .എസ് . നാരായണൻ ( അഭിമുഖം ) : മലയാളം വാരിക , ഓഗസ്റ്റ് 10 , 2012 , ലക്കം 11 & M.G.S Narayanan : Perumals of Kerala - Brahmin Oligarchy and Ritual Monarchy.
16. C Achyuta Menon : The Cochin State Manual, p.51.
17. K. P. Padmanabha Menon : History of Kerala, Vol.II / p.376 – 382.
18. എ. ശ്രീധര മേനോൻ : കേരള ചരിത്രം –p.176.
@ ഗ്രന്ഥവരി : കോവിലകങ്ങളിലും മറ്റും എഴുതി വച്ചിട്ടുള്ള വസ്തു സ്ഥിതി വിവരം.
19 . പെരുമ്പടപ്പു ഗ്രന്ഥവരി : സംസ്ഥാന പുരാരേഖാവകുപ്പ് , കേരള സർക്കാർ
( 2005 ),പേ. 1 മുതൽ
The Kalis or cryptograms are astronomical or astrological words, phrases or sentences used to indicate the date of some important event (ഷൊഡശാംഗം സുരാജ്യം* എന്ന കലിയുഗ ദിവസത്തിന്നാൾ ) . Very often they signify at the same time the events themselves, which are intended to be dated . The meaning of the cryptogram above is · “ A good State is made up of 16 ( indispensable ),constituent parts.” The method of arriving at the date is as follows :-
· The letters of the alphabet have certain fixed numerical values so that each letter of the chronogram stands for a certain number. The digits of the letters thus valued are arranged from last to first, and the number thus obtained gives the number of days that have expired since the beginning of Kaliyuga.The figure so obtained divided by 365 gives the year of the Kaliyuga. The English year, corresponding to the above is 385 A D. ( Foot note No.2 of Grandhavari.).
20 . പെരുമ്പടപ്പ് ഗ്രന്ഥ വരി : പേ. 3.
21. “ The Raja of Villarvattam was a Kashatriya Feudatory of Cochin. The exact extent of his territory, is not known, but it certainly was part and parcel of Chennamangalam and some territory to the north and south of it” ( Cochin State Manual, page 96.)--- See Foot note No,23 of Grandhavari.
22. Ibid p.4.
23. എ. ശ്രീധര മേനോൻ : കേരള ചരിത്രം –p.177 / വേലായുധൻ പണിക്കശ്ശേരി : കേരളത്തിലെ രാജവംശങ്ങൾ - p. 72 - 73.
23. Dr.ഗുണ്ടർട്ട് : കേരളപ്പഴമ ,പു. 28-29.
24. James Hough : History of Christianity in India,p.450.
25. Gouvea : ' Jornada', p.22 -23 .
26. a. L.K.Ananthakrishna Ayyiar : Anthropology of Syrian Christians, p.57.
b. പുത്തേഴത്തു രാമമേനോൻ : ശക്തൻ തമ്പുരാൻ ,പു.662 - 667.
c. കുഞ്ഞിക്കുട്ടൻ തമ്പുരാൻ : 'കോകില സന്ദേശ വ്യാഖ്യാനം : രണ്ടു സന്ദേശ കാവ്യങ്ങൾ' പു. 1087 . ( Qtd. in ' കേരളത്തിലെ സ്ഥല ചരിത്രങ്ങൾ, എറണാകുളം ജില്ല . പു.94.) ( വി.വി.കെ .വലത്ത് ).
27. Gallettee : The Dutch in Malabar, p.174. Qtd. in കേരളത്തിലെ സ്ഥലചരിത്രങ്ങൾ:എറണാകുളംജില്ല.p.110.
28. P.Thomas : Christians & Christianity in India & Pakistan. P.30.
29. Marco Polo : Nestorian Christians in Malabar, qtd. in TSM, II / 144.
30. G.T.Mackenzie : T S M .Vol.II p.147..
31 ബർണാർഡു തോമ്മ : മാർത്തോമ്മാ ക്രിസ്ത്യാനികൾ. p.88.
32. X.Koodapuzha : Tomapedia, p.32.
33. ബർണാർഡു തോമ്മ : മാർത്തോമ്മാ ക്രിസ്ത്യാനികൾ. p.68-69.
34 .Whitehouse : Lingerings of Light in a Dark Land…p.75.
34. L.K.Ananthakrishna Ayyiar : Anthropology of Syrian Christians, p.57.
35. എം.ഒ . ജോസഫ്, നെടുംകുന്നം : 'വില്ലാർവട്ടം', p.. 149 ( Qtd.from article of M.N.Issac,)
36. ,, : ,, ,, 149 ( Qtd from C.P.Thomas)
37. ,, ,, p.37.
38...പള്ളിവീട്ടിൽ കുര്യൻ : മാർതോമ നസ്രാണികളുടെ സത്യ വിശ്വാസം, p.396, 397.
39. ബർനാർദ് തോമ്മാ : മാർത്തോമ്മാ ക്രിസ്ത്യാനികൾ " p. 107, 108.
40. വി .കെ . ജോസഫ് മാപ്പിള : ലേഖനം, കൈരളി മാസിക : പുസ്. 7,ലക്കം 1 ,പേ.25-27.@ Thomas Whitehouse : Lingerigs of Light in a dark Land.. , London ( 1873 ).
41. ,, ,, : ,, . 7 . ,, .
42. പെരുമ്പടപ്പു സ്വരൂപം ഗ്രന്ഥവരി : p.4 ( മലയാളം & ഇംഗീഷ്) , കേരള സർക്കാർ ( 2005 .)
43. വി .കെ . ജോസഫ് മാപ്പിള : ലേഖനം, കൈരളി മാസിക : പുസ്. 7,ലക്കം 1 ,പേ.25-27.
44. C.Achyutha Menon : Cochin State Manual .p62.
45 എം.ഒ . ജോസഫ്, നെടുംകുന്നം : 'വില്ലാർവട്ടം', p.. 164.&
46 . Ferroli.D. : Jesuits in Malabar ( 1939 ), Vol.I / 94 , / Geschichte der Katholischen Missionen in Osteindien by Maximilian Mullbauer,( 1982 ),p.44. / Comm.de Albuquerque, ii c 17, 90, ; iii c 8 , 41; & Wadding. XV ; 95; Belem I, 156.
47. എം.ഒ . ജോസഫ്, നെടുംകുന്നം : 'വില്ലാർവട്ടം', p.. 166.
&
Antony Kureekkal Histort blog: Historyblogskerala

No comments:
Post a Comment