Share പുതിയകാവ് ഭഗവതിക്ഷേത്രം
ഇന്ന് പുതിയകാവ് എന്നറിയപെടുന്ന സ്ഥലത്ത് പണ്ട്
ഒരു അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം ഉണ്ടായിരുന്നു . ഈ ക്ഷേത്രത്തിലെ ആവാസമൂര്‍ത്തി
കൊടുംകാളി ആയിരുന്നു. ഇവിടയൂള്ളവര്‍ക്ക് സഞ്ചരിക്കുവാന്‍ ഉള്ള ഏക മാര്‍ഗം പെരിയകാവ്
കൊടുംകാളിയുടെ ക്ഷേത്രത്തിന് മുന്‍വശമുള്ള ഏക ഇടുങ്ങിയ വഴി ആയിരുന്നു. ആ വഴിയില്‍കൂടി
ആരെല്ലാം തനിയെ പോയിട്ടുണ്ടോ അവരെയെല്ലാം കൊടുംകാളി കൊന്നു ഭക്ഷിച്ചിരുന്നു.
അന്നപൂര്‍നാലയത്തിനു തെക്കുപടിഞ്ഞാറു മാറി അന്ന് മാന്താറ്റില്‍ എന്നൊരു
മനയുണ്ടായിരുന്നു
മാന്താറ്റില്ലത്ത് പ്രായമായ ഒരു കാരണവരും , ഒരു
ഉണ്ണിനമ്പൂതിരിയും മാത്രമെ ഉണ്ടായിരുന്നുള്ള്‌ു .ഒരു ദിവസം ഉണ്ണിനമ്പൂതിരി
ക്ഷേത്രനടയില്‍ക്കൂടി പകല്‍സമയത്ത് യാത്രചെയ്യുവാനിടയായി ഈ അവസരത്തില്‍ കൊടുംകാളി
ഉണ്ണിനമ്പൂതിരിയുടെ മേല്‍ ചാടിവീഴുകയും കൊന്നു ഭക്ഷിക്കുകയും ചെയ്യ്തു. തുടര്‍ന്ന്
എല്ലും നഖവും ,തലമുടിയും അവിടെ ഉപേക്ഷിച്ചിട്ട് കാളി മടങ്ങുകയും ചെയ്തു .അതുവഴി
കൂട്ടമായി വന്ന വഴിയാത്രക്കാര്‍ മനുഷ്യാവശിഷ്ടം കണ്ടു കാര്യം മനസിലാക്കി.നേരം
സന്ധ്യയായിട്ടും തന്റെ മകനെ കാണാഞ്ഞിട്ട് വൃദ്ധന്‍ നമ്പൂതിരി പുറപ്പെട്ടു .വഴിയാത്രക്കാരില്‍നിന്നും
കിട്ടിയ അറിവാല്‍ തന്റെ മകനെ കൊടുംകാളി ഭക്ഷിച്ചതായി അറിഞ്ഞ ആ വയോവൃദ്ധന്‍
കണ്ണിരുമായി കൊടുംകാളിയുടെ നടക്കല്‍ ചെന്നുനിന്നു ശപഥം ചെയ്തു ""എന്റെ ഉണ്ണിയുടെ പുല
കഴിഞ്ഞു നാല്‍പ്പത്തിഒന്ന് ദിവസത്തിനകം ഞാനോ അല്ലാത്തപക്ഷം നീയോ ഈ ഭൂമുഖത്ത്
ജീവിച്ചിരിക്കില്ല. ഇതു സത്യം സത്യം സത്യം"" പ്രതിഞ്ജ കഴിഞ്ഞു വൃദ്ധന്‍ നമ്പൂതിരി
ശോകാകുലനായി തന്റെ ഇല്ലത്തേക്ക് മടങ്ങി .ജാതകര്‍മ്മം ചെയ്ത കൈ കൊണ്ട് മകന്‍റെ
ഉദകക്രിയ നടത്തിയ അദ്ദേഹം തന്‍റെ ശപഥം നിറവേറ്റുന്നതിനായി കൊടുങ്ങല്ലൂര്‍ക്കു
തിരിച്ചു .അവിടെയെത്തിയ നമ്പൂതിരി മണ്ഡലഭജനവും,ഭഗവതീനാമസങ്കീര്‍ത്തനവുമായി
കഴിഞ്ഞുകൂടുകയും ഭജനം കാലം കൂടുന്നതിന്‍റെ തലേദിവസം രാത്രി ശ്രീ കൊടുങ്ങല്ലൂരമ്മ
സ്വപ്നത്തില്‍ പ്രത്യക്ഷമായി ഇപ്രകാരം അരുളിച്ചെയ്തു നാളെ രാവിലെ ഇവിടുത്തെ കുളത്തില്‍
മുങ്ങുമ്പോള്‍ ,കയ്യില്‍ കിട്ടുന്ന കല്ലുമായി ജന്മദേശത്തെക്കു പോയികൊള്ലുക ഈ കല്ല്
എവിടെ പ്രതിഷ്ടിക്കുന്നുവോ,അവിടെ എന്‍റെ സാന്നിധ്യം ഉണ്ടാവും.അങ്ങയുടെ അഭീഷ്ടം സാധിക്കും
എവിടെ ആണ് പ്രതിഷ്ടിക്കേണ്ടതെന്നു നന്നായി ഉറപ്പിച്ചുകൊള്ളുക നിശ്ചിത
സ്ഥലത്തല്ലാതെ മറ്റെവിടെയെങ്കിലും വച്ചാല്‍ ഞാന്‍ അവിടെയാണ് ഇരിക്കുകയുള്ളൂ. ഈകാര്യം
നന്നായി ഓര്‍ത്തുകൊണ്ട് യാത്ര പുറപെട്ടോളൂ എന്നു പറഞ്ഞു ദേവി അപ്രത്യക്ഷമായി സന്തുഷ്ടചിത്തനായ നമ്പൂതിരി പുലര്‍കാലത്തെ
കുളത്തിലിറങ്ങി കയ്യില്‍ കിട്ടിയ കല്ലുമായി കൊടുങ്ങല്ലൂരമ്മയുടെ നടയില്‍ ചെന്ന്
ദര്‍ശനം നടത്തി.മനംനൊന്ത് പ്രാര്‍ത്ഥിച്ചു നാട്ടിലെക്കു തിരിച്ചു. നടന്നുനടന്നു
ക്ഷീണിതനും പരവശനും ആയ നമ്പൂതിരി തൃപ്പൂണിത്തുറ വഴി വാളംതുരുത്തു പ്രദേശത്തുകൂടി
പോരുമ്പോള്‍ വാളംതുരുത്തു മനക്കലെ അച്ചന്‍ ഭട്ടതിരി ഇല്ലത്തെ മുറ്റത്ത് ഉലാത്തുകയായിരുന്നു
.വേദജ്‌ഞനും,ഈശ്വരഭക്തനും ദീര്‍ഘദര്‍ശിയുമായ ഭട്ടതിരി ഒരു മാന്ത്രികനും
കൂടിയായിരുന്നു.കല്ലുമായി വരുന്ന മാന്താറ്റ് നമ്പൂതിരിയെ കണ്ടമാത്രയില്‍ കാര്യം
മനസിലാക്കിയ ഭട്ടതിരി,ഈ ഉഗ്രമൂര്ത്തിയെയുംകൊണ്ട് എങ്ങോട്ടാണ് പോകുന്നത്
എന്നറിയാനായി കൂടെകൂടുകയും നടന്നുനടന്നു രണ്ടുപേരും ഓരോരോ നാട്ടുവിശേഷങ്ങളും
പറഞ്ഞ്,പുതിയകാവ് അന്നപൂര്‍ണ്ണക്ഷേത്രത്തിന്‍റെ വടക്കുകിഴക്കു മൂലയില്‍ എത്തി.അതായത്
ഇന്നുകാണുന്ന വലിയകുളത്തിന്‍റെ പടിഞ്ഞാറെ കരയില്‍.അവിടെയെത്തിയപ്പോള്‍ മാന്താറ്റ്
നമ്പൂതിരിക്കു അതികലശലായ മൂത്രശങ്കയും അതിനേക്കാള്‍ ഉപരിയായി ക്ഷീണവും
അനുഭവപ്പെട്ടു.മൂത്രശങ്ക കഴിച്ച്,കുളത്തിലിറങ്ങി ശരീരശുദ്ധി വരുത്തി
വരാമെന്നുപറഞ്ഞു കയ്യിലിരുന്ന കല്ല് ഭട്ടതിരിയെ ഏല്‍പ്പിച്ചു കുളത്തിലേയ്ക്ക് ഇറങ്ങി
അപ്പോള്‍ ഭട്ടതിരിപ്പാട് പറഞ്ഞു".കല്ലിനു കനം കൂടുമ്പോള്‍ കൈ കഴച്ചാല്‍ ഞാന്‍
വിളിക്കും പെട്ടന്നുതന്നെ വരണം ചൊല്ല് അനുസരിച്ച് മൂന്നുപ്രാവശ്യം വിളിച്ചിട്ടും
വന്നില്ലയെങ്കില്‍ ഇതു ഞാന്‍ ഇവിടെ എവിടെഎങ്കിലും
വയ്ക്കും.അത് ഓര്‍ത്തുകൊള്ളണം".ഇതിനുമറുപടിയായി ഒന്നുറക്കെ വിളിച്ചാല്‍മതീ,അപ്പോള്‍തന്നെ
ഞാന്‍ എത്തും.എന്നുപറഞ്ഞു നമ്പൂതിരി കുളത്തിലിറങ്ങി .
മൂത്രശങ്ക തീര്‍ക്കാനിരുന്ന നമ്പൂതിരി ആയത് പൂര്‍ത്തീകരിക്കും മുന്‍പ്
ഭട്ടതിരി ഒന്നുറക്കെ വിളിച്ചു .നമ്പൂതിരി വിളികേട്ടു എങ്കിലും ,ശങ്ക തീരാതെ എങ്ങിനെ
ചെല്ലും ,ചോല്ലനുസരിച്ച് മൂന്നുരു വിളിച്ചിട്ടും നമ്പൂതിരിയെ കാണാതെ
വിഷമവൃത്തത്തിലായ ഭട്ടതിരി കയ്യിലിരുന്ന കല്ലുമായി കുളത്തില്‍ ചാടി മുങ്ങി കയറി
വന്ന്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ഉള്ള ശ്രീകോവിലിനകത്തു കൊണ്ടുപോയി
ദേവിയുടെ പീഠത്തില്‍ വച്ചു. പെട്ടന്നുതന്നെ കല്ല് തറയില്‍ താണ് അന്നപൂര്‍ണ്ണബിംബത്തില്‍
ലയിക്കുകയും ചെയ്തു.മാന്താറ്റ് നമ്പൂതിരിക്കു താന്‍ കൊണ്ടുവന്ന കല്ല് തന്‍റെ
ഇല്ലത്തെ നടുമുറ്റത്ത് പ്രതിഷ്ടിക്കണമെന്നായിരുന്നു ആഗ്രഹം മൂത്രശങ്കയും ക്ഷീണവും കാരണം തന്‍റെ
ആഗ്രഹം ഫലിക്കാതെ പോയി .
അങ്ങനെ ഈ പ്രതിഷ്ട നടന്നതിന്‍റെ മൂന്നാം ദിവസം
പുതിയകാവില്‍ അമ്മയായി പരിണമിച്ച് ഭഗവതി
പെരിയകാവ് ആസ്ഥാനമാക്കി വിളയാടിയ കൊടുംകാളിയെ നിഗ്രഹിച്ച്, പെരിയകാവ്
അഗ്നിക്കിരയാക്കി.നേരം പുലര്‍ന്നപ്പോള്‍ അദ്ഭുതം എന്ന് പറയട്ടെ ,വെളിയുടെ
തെക്കുംഭാഗത്തുള്ള കുളം രക്തപംകിലമായി കിടക്കുന്നു .അതോടെ നാടിനെയും നാട്ടുകാരെയും
വിറപ്പിച്ച യക്ഷിയുടെ കഥ കഴിഞ്ഞു .തുടര്‍ന്ന്‍ നാട്ടില്‍ സമാധാനവും ഐശ്വര്യവും വിളയാടി .പ്രതിഷ്ടനടത്തി
ഭട്ടതിരി തന്നെ ഏറെനാള്‍ ഇവിടെ പൂജാദികര്‍മ്മങ്ങള്‍ അനുഷ്ടിച്ചു പോന്നു .ഭട്ടതിരിപ്പാടിന്റെ
പൂജാദികര്‍മ്മങ്ങളുടെ ഫലമായിട്ടാണ് വിളിച്ചാല്‍ വിളിപ്പുറത്തുവരുന്ന
ശക്തിസ്വരൂപിണിയായി തലമുറ തലമുറയായി അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന,ദേവിചൈതന്യം നാടിനും ദേശക്കാര്‍ക്കും സകല ഐശ്വര്യവും
നല്‍കി പൂര്‍ണ്ണരക്ഷകയായി നിലകൊള്ളുന്നത് ..
അവലംബം തയ്യാറാക്കിയത്
പുതിയകാവ് ക്ഷേത്രം
ജോമോന്‍ജോസഫ്
No comments:
Post a Comment